ന്യൂഡൽഹി: 18ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോടേം സ്‌പീക്കർക്ക് കത്ത് നൽകി സോണിയ ഗാന്ധി. മല്ലികാർജുൻ ഖാർഗെയുടെ വസതയിലായിരുന്നു യോഗം.
പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രോടേം സ്‌പീക്കർക്ക് കത്ത് നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. മറ്റ് ഭാരവാഹികളെ പിന്നീട് തീരുമാനിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇന്ത്യ ബ്ലോക്കിന്‍റെ മുതിര്‍ന്ന നേതാക്കളുമായി ചേർന്ന യോഗത്തിന് ശേഷമാണ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.
അഞ്ച് തവണ എംപിയായ രാഹുൽ ഗാന്ധി നിലവിൽ ലോക്‌സഭയിൽ റായ്ബറേലി മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഭരണഘടനയുടെ പകർപ്പ് കൈവശം വച്ചാണ് അദ്ദേഹം ഇന്ന് (ജൂൺ 25) എംപിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ഏറ്റവും വലിയ ഒറ്റ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ലോക്‌സഭയിൽ സ്ഥാനം ഉറപ്പിക്കാൻ ആവശ്യമായ 10 ശതമാനം അംഗങ്ങളെ നേടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിൽ, വയനാട്ടില്‍ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്‍റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുലിന്‍റെ വിജയം. പിന്നീട് വയനാട് എംപി സ്ഥാനം രാജിവച്ച് റായ്ബറേലിയില്‍ തുടരാൻ തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നേരത്തെ പ്രമേയം പാസാക്കിയിരുന്നു. രാഹുല്‍ നയിച്ച ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പ്രധാനപ്പെട്ടവയായിരുന്നു എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിന്.
ALSO READ:18ാം ലോക്‌സഭ: ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ എംപിമാര്‍; സത്യപ്രതിജ്ഞ പൂര്‍ത്തിയായി