പട്‌ന: ബിജെപിയും ആർഎസ്‌എസും ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്‍റെ 'യഥാർഥ സ്വാതന്ത്ര്യം' എന്ന പരാമർശം ഭരണഘടനയ്ക്ക് എതിരായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പട്‌നയിൽ നടക്കുന്ന 'സംവിധാൻ സുരക്ഷാ സമ്മേളന'ത്തിൽ ആണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
"ഗംഗാജലം എല്ലായിടത്തേക്കും ഒഴുകുന്നതുപോലെ, ഭരണഘടനയുടെ പ്രത്യയശാസ്‌ത്രം രാജ്യത്തെ എല്ല മുക്കിലും മൂലയിലും എത്തണം. ഓരോ വ്യക്തിയിലേക്കും, എല്ലാ സ്ഥാപനങ്ങളിലേക്കും ഭരണഘടനയുടെ പ്രത്യയശാസ്‌ത്രം എത്തണം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 ഓഗസ്റ്റ് 15 ന് അല്ല എന്നാണ്. അദ്ദേഹം ഇന്ത്യൻ ഭരണഘടനയെ നിരസിക്കുകയാണ് ചെയ്‌തത്," എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ദളിതരെ സംരക്ഷിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നതെങ്കിലും ബിജെപി സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. പിന്നാക്ക സമുദായത്തിൽപ്പെട്ട, ദളിതർ, ആദിവാസികൾ എന്നിവരിൽ നിന്നുള്ള ബിജെപി എംപിമാരെ താൻ കണ്ടിരുന്നുവെന്നും, കൂട്ടിലടച്ച പോലെയാണ് തങ്ങളുടെ സ്ഥിതിയെന്ന് അവര്‍ തന്നോട് പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക