ശ്രീനഗർ: ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി റംബാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പദവി റദ്ദാക്കിയതിലൂടെ കശ്‌മീർ ജനതയുടെ അവകാശങ്ങളും കൂടിയാണ് കേന്ദ്ര സർക്കാർ തട്ടിയെടുത്തെന്ന് രാഹുൽ പറഞ്ഞു.
പ്രത്യേക സംസ്ഥാന പദവി തിരിച്ച് നൽകിയ ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വിഷയം ചർച്ച ചെയ്യാമെന്നാണ് ബിജെപി പറയുന്നത്. ഇത് ബിജെപിയുടെ കപട നയമാണ് തുറന്ന് കാട്ടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രദേശത്തിൻ്റെ മുൻകാല രാജവാഴ്‌ചയും ഇപ്പോഴത്തെ ഭരണവും ഒരുപോലെയാണെന്ന് അഭിപ്രായപ്പെട്ട രാഹുൽ ജമ്മു കശ്‌മീരിലെ നിലവിലെ ഭരണ സംവിധാനത്തെയും രൂക്ഷമായി വിമർശിച്ചു. ഭാരത് ജോഡോ യാത്രയെയും രാഹുൽ പ്രചാരണ വേദികളിൽ ഉയർത്തിക്കാട്ടി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നെഞ്ച് വിരിച്ചുവന്ന മോദിയുടെ തോളുകൾ ഇപ്പോൾ വളഞ്ഞിരിക്കുന്നുവെന്നും രാഹുൽ പരിഹസിച്ചു.
സർക്കാർ ഒഴിവുകൾ നികത്തുക, താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങി നിരവധി വാഗ്‌ദാനങ്ങളാണ് ഇത്തവണ കോൺഗ്രസ് മുന്നോട് വയ്‌ക്കുന്നത്. ജമ്മു കശ്‌മീരിൽ 90 അസംബ്ലി മണ്ഡലങ്ങളുണ്ട്. 7 സീറ്റുകൾ പട്ടികജാതികള്‍ക്കും (എസ്‌സി) 9 സീറ്റുകൾ പട്ടികവർഗക്കാർക്കും (എസ്‌ടി) സംവരണം ചെയ്‌തിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കശ്‌മീരിലെ ആദ്യ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 8നാണ് വോട്ടെണ്ണൽ.
Also Read:കോൺഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വിനേഷ് ഫോഗട്ട്; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി