ന്യൂഡല്‍ഹി: ഗൗതം അദാനിക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി ബിജെപി രംഗത്ത്. തങ്ങളുടെ നേതാവിനെ കോണ്‍ഗ്രസ് ഉന്നമിട്ട് തുടങ്ങിയിട്ട് ദീര്‍ഘകാലമായെന്ന് ബിജെപി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ കോടതി ചൂണ്ടിക്കാട്ടുന്ന നാല് കോടതികളിലും ബിജെപി സര്‍ക്കാരല്ല ഭരിക്കുന്നതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് അവരാണ്. സ്വയം പ്രതിരോധത്ിതന് ശ്രമിക്കേണ്ടതും അവരാണെന്ന് ബിജെപി വക്താവ് എംപി സാംപിത് പത്ര ചൂണ്ടിക്കാട്ടി. നിയമം അതിന്‍റെ വഴിക്ക് തന്നെ പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
2002 മുതല്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റെ അമ്മ സോണിയ ഗാന്ധിയും കോണ്‍ഗ്രസും മോഡിയുടെ പ്രതിച്‌ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അദാനിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് ഈ ശ്രമങ്ങളെല്ലാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അദാനിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി മോഡിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലാണ് അദാനി നിക്ഷേപം നടത്തിയിരുന്നതെന്നും സാംപിത് പത്ര കൂട്ടിച്ചേര്‍ത്തു. 25000 കോടി ഛത്തീസ്ഗഡിലും 65000 കോടി രാജസ്ഥാനിലുമാണ് അദാനി നിക്ഷേപിച്ചത്. ഇവിടെ യഥാക്രമം ഭൂപേഷ് ബാഗലും അശോക് ഗെഹ്‌ലോട്ടുമാണ് ഭരിച്ചിരുന്നത്.
ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടിലാണ് അദാനിയുടെ കമ്പനി 45000 കോടി നിക്ഷേപിച്ചത്. കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡി ഭരിക്കുന്ന തെലങ്കാനയിലാണ് ഏറ്റവും ഒടുവില്‍ നൈപുണ്യ വികസനത്തിനായി നൂറ് കോടി രൂപ നിക്ഷേപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദാനി അഴിമതിക്കാരനാണെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അദ്ദേഹത്തില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതെന്നും പത്ര ആരാഞ്ഞു.
സൗരോര്‍ജ്ജ കരാറുകള്‍ അനുകൂലമാക്കുന്നതിന് 2500 ലക്ഷം കോടിരൂപ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ അദാനിക്ക് മേല്‍ ചുമത്തിയിട്ടുള്ള കുറ്റം.
അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളിലും നിക്ഷേപകരിലും നിന്ന് പദ്ധതിക്കായി നിക്ഷേപമായി സ്വീകരിച്ചിട്ടുള്ള തുകയാണ് ഇതിനായി ചെലവിട്ടതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ നിക്ഷേപകരും വിപണിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള അഴിമതികള്‍ അന്വേഷിക്കാന്‍ അമേരിക്കന്‍ നിയമം അധികാരം നല്‍കുന്നുണ്ട്. അതേസമയം ആരോപണങ്ങളെല്ലാം അദാനി തള്ളി.
മോദിയുടെ പ്രധാനമന്ത്രി പദത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന കരുത്താര്‍ജ്ജിക്കുന്നത് രാഹുലിനും കോണ്‍ഗ്രസിനും ഇഷ്‌ടമാകുന്നില്ല. ഇന്ത്യന്‍ സമ്പദ്ഘടന ലോകശക്തിയാകാനുള്ള കുതിപ്പിലാണ്. രാഹുല്‍ ഗാന്ധി ആരോപണങ്ങളുയര്‍ത്തി ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഓഹരി വിപണി ഇടിഞ്ഞതോടെ വ്യാഴാഴ്‌ച മാത്രം രണ്ടരക്കോടി നിക്ഷേപകര്‍ക്ക് കനത്ത നഷ്‌ടമാണ് ഉണ്ടായത്.
നേരത്തെ രാഹുല്‍ ഉയര്‍ത്തിയ റഫേല്‍ അഴിമതിയും കോവിഡ് വാക്‌സിന്‍ അഴിമതിയുമൊക്കെ എവിടെപ്പോയെന്നും അദ്ദേഹം ആരാഞ്ഞു. നീതിന്യായ വ്യവസ്ഥിതിയുടെ ജോലി കൂടി അദ്ദേഹത്തിന്‍റെ പാര്‍ട്ടി ഏറ്റെടുക്കുമെന്ന അവകാശവാദവും രാഹുല്‍ ഉയര്‍ത്തി. ഇത് കോടതിയലക്ഷ്യ പ്രസ്‌താവനയാണെന്നും പാത്ര ചൂണ്ടിക്കാട്ടി. വിഷയങ്ങളുടെ നിയമ-സാങ്കേതിക വശങ്ങളെക്കുറിച്ച് രാഹുലിന് ഒന്നുമറിയില്ല. ചില ഉപദേശകര്‍ ഓതിക്കൊടുക്കുന്നത് അതുപോലെ ആവര്‍ത്തിക്കുക മാത്രമാണ് അയാള്‍ ചെയ്യുന്നതെന്നും പത്ര കൂട്ടിച്ചേര്‍ത്തു.
ഈ മാസം 25 മുതല്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് പുത്തന്‍ നാടകങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സഭാ നടപടികള്‍ തടസപ്പെടുത്തുകയാണ് ഉദ്ദേശ്യം. അതിലൂടെ സമ്പദ്ഘടനയെ തകര്‍ക്കുക എന്നതും. പത്ര ചൂണ്ടിക്കാട്ടി.
Also read:അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി, സെബി മേധാവിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യം