കേരളം

kerala

ETV Bharat / bharat

റാഗിങ്ങില്‍ നടപടി; നാല് മെഡിക്കല്‍ വിദ്യാര്‍ഥികളെ പുറത്താക്കി - students expelled for ragging

ഹിമാചല്‍പ്രദേശിലെ ഡോ.രാജേന്ദ്രപ്രസാദ് മെഡിക്കല്‍ കോളജിലാണ് റാഗിങ് നടന്നത്. ഇതേ കോളജില്‍ പതിനഞ്ച് വര്‍ഷം മുമ്പ് റാഗിങ്ങിനിരയായി ഒരു വിദ്യാര്‍ഥി മരിച്ച സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു.

TANDA MEDICAL COLLEGE RAGGING  RAGGING  MBBS STUDENT RAGGING  റാഗിങ്ങ്
ഡോ.രാജേന്ദ്രപ്രസാദ് മെഡിക്കല്‍ കോളജ് (ETV Bharat)

By ETV Bharat Kerala Team

Published : Jun 11, 2024, 5:08 PM IST

കാന്‍ഗ്ര (ഹിമാചല്‍പ്രദേശ്):റാഗിങ് നടത്തിയ നാല് മുതിര്‍ന്ന വിദ്യാര്‍ഥികളെ ടാന്‍ഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്താക്കി. പതിനഞ്ച് വര്‍ഷത്തിനിടെ കോളജില്‍ ആദ്യമായാണ് ഒരു റാഗിങ് സംഭവം ഉണ്ടാകുന്നത്. ശക്തമായ നടപടി എടുത്ത് കൊണ്ട് അധികൃതര്‍ ശക്തമായ സന്ദേശമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഡോ.രാജേന്ദ്രപ്രസാദ് മെഡിക്കല്‍ കോളജിലെ 19-കാരനായ അമന്‍ സത്യ കച്‌രു എന്ന ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി 2009 മാര്‍ച്ച് എട്ടിന് റാഗിങ്ങിനെ തുടര്‍ന്ന് മരിച്ചിരുന്നു. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ നാല് പേരായിരുന്നു അമനെ റാഗ് ചെയ്‌തത്. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി റാഗിങ് വിരുദ്ധ നിയമം സുപ്രീം കോടതി പ്രഖ്യാപിക്കുകയും ചെയ്‌തു.

ഇതേ കോളജിലാണ് പതിനഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും റാഗിങ് ഉണ്ടായതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തന്നെ മര്‍ദിച്ചതായും മുറിവേല്‍പ്പിച്ചതായും അപമാനിച്ചതായും ഒരു വിദ്യാര്‍ഥി കോളജിലെ റാഗിങ്‌ വിരുദ്ധ സെല്ലിന് പരാതി നല്‍കിയതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.മിലാപ് ശര്‍മ സ്ഥിരീകരിച്ചു.

അഞ്ചംഗ റാഗിങ് വിരുദ്ധ സമിതി രണ്ട് വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായും ഇവരെ കോളജിലും ഹോസ്റ്റലിലും നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കുകയും ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്‌തെന്നും ഡോ.ശര്‍മ വ്യക്തമാക്കി. സിദ്ദാന്ത് യാദവ് എന്ന വിദ്യാര്‍ഥിയെയും അരുണ്‍ സൂദ് എന്ന വിദ്യാര്‍ഥിയെയുമാണ് സസ്‌പെന്‍ഡ് ചെയ്‌തത്.

അരുണ്‍ സൂദിനെ ഒരു വര്‍ഷത്തെ ഇന്‍റണ്‍ഷിപ്പില്‍ നിന്നുമാണ് പുറത്താക്കിയിരിക്കുന്നത്. ഇരുവരും 2019 ബാച്ചിലെ വിദ്യാര്‍ഥികളാണ്. 2021 ബാച്ചിലെ രണ്ട് വിദ്യാര്‍ഥികളെയും പുറത്താക്കിയിട്ടുണ്ട്. ഇവരെ ആറു മാസത്തേക്കാണ് പുറത്താക്കിയിട്ടുള്ളത്.

ഇവരില്‍ നിന്ന് അന്‍പതിനായിരം രൂപ വീതം പിഴ ഈടാക്കിയിട്ടുണ്ട്. രാഘവേന്ദ്ര ഭരദ്വാജ്, ഭവാനി ശങ്കര്‍ എന്നിവരെയാണ് ആറുമാസത്തേക്ക് പുറത്താക്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോളജില്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

Also Read:'ഷര്‍ട്ടിന്‍റെ ബട്ടണ്‍ ഇട്ടില്ല', പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ABOUT THE AUTHOR

...view details