തെലങ്കാന : ഹൈദരാബാദിലെ റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ കേസിൽ മറ്റൊരു വഴിത്തിരിവ്. കേസിലെ പ്രതിയായ നീൽ വിദേശത്ത് ഒളിവില്‍. നീലിനെ കഴിഞ്ഞ നാല് ദിവസമായി പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാളുടെ ഒളിത്താവളം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയ പൊലീസിന് വിവിധ അന്വേഷണത്തില്‍ പ്രതി വിദേശത്തേക്ക് കടന്നതായി വ്യക്തമായി.
കേസിലെ മറ്റ് പ്രതിയായ യൂട്യൂബർ ലിഷിതയെ കാണാതായിട്ട് മൂന്ന് ദിവസമായതായി പരാതി. ലിഷിതയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി കുഷിത പൊലീസില്‍ പരാതി നല്‍കി. മറ്റു രണ്ട് പ്രതികളായ സന്ദീപ്, ശ്വേത എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. നീൽ വിദേശത്ത് ഒളിവിൽ പോയതിൻ്റെ പശ്ചാത്തലത്തിൽ മറ്റു മൂന്ന് പ്രതികള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ് (Radisson Hotel Drug Case).
ഞായറാഴ്‌ച അർധരാത്രി ഗച്ചിബൗളിയിലെ റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ കേസിൽ മഞ്ജിര ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്‌ടർ ഗജ്ജല വിവേകാനന്ദ്, നിർഭായി സിന്ധി (26), സലാഗംഷെട്ടി കേദാർനാഥ് (36) എന്നിവരെയാണ് ആദ്യ ദിവസം പൊലീസ് പിടികൂടിയത്. അന്നുമുതൽ സന്ദീപ്, ശ്വേത, ലിഷിത, നീൽ എന്നിവർ ഒളിവിലായിരുന്നു.
കേസില്‍ ഇതിനോടകം തന്നെ ചില പ്രമുഖ സിനിമ താരങ്ങളുടെയും-രാഷ്‌ട്രീയ നേതാക്കളുടെയും പേരുകൾ പുറത്ത് വന്നിരുന്നു. മയക്കുമരുന്ന് പാർട്ടിയിൽ മണികര്‍ണിക സിനിമയുടെ സംവിധായകൻ കൃഷ് പങ്കെടുത്തതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട് (Radisson Hotel Drug Case). ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചെങ്കിലും, തിങ്കളാഴ്‌ച ഹാജരാകുമെന്ന് കൃഷ് അറിയിച്ചതായാണ് വിവരം.
നീളുന്ന പ്രതിപട്ടിക :റാഡിസൺ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി സംഘടിപ്പിച്ച കേസിലെ പ്രതിപ്പട്ടിക ദിനംപ്രതി നീണ്ടുവരികയാണ്. ഞായറാഴ്‌ച നടത്തിയ തെരച്ചിലിന് ശേഷം ഗച്ചിബൗളി പൊലീസ് മുഖ്യപ്രതി വിവേകാനന്ദ്, മയക്കുമരുന്ന് വിതരണം ചെയ്‌ത അബ്ബാസ് അലി ജാഫ്രി എന്നിവർക്കും മറ്റ് ഒമ്പത് പേർക്കുമെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിൽ വിവേകാനന്ദൻ്റെ ഡ്രൈവർ ഗദ്ദല പ്രവീൺ പിടിയിലായി. ഏറ്റവും പുതിയ മയക്കുമരുന്ന് വിതരണക്കാരനായ മിർസ വഹീദ് ബെയ്‌ഗിനെയും അറസ്റ്റ് ചെയ്‌തു.
നഗരത്തിലെ മിർസ വഹീദ് ബേഗാണ് പല മാര്‍ഗങ്ങളിലൂടെ മയക്കുമരുന്ന് കൊണ്ടുവന്ന് സയ്യിദ് അബ്ബാസ് അലി ജാഫ്രിക്ക് വിൽക്കുന്നത്. വിവേകാനന്ദൻ്റെ ഡ്രൈവറായ ഗദ്ദല പ്രവീണിനാണ് അബ്ബാസ് ഈ മരുന്നുകൾ നൽകുന്നത്. പ്രവീൺ വഴിയാണ് വിവേകാനന്ദന് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി (Radisson Hotel Drug Case).