ഹൈദരാബാദ്:പുഷ്‌പ 2 വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ചിത്രത്തിന്‍റെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിന് പുറത്താണ് ദാരുണ സംഭവം.
ഇന്നലെ (ഡിസംബര്‍ 4) രാത്രി 11 മണിക്കുള്ള പ്രീമിയർ ഷോയ്‌ക്ക് നടൻ അല്ലു അര്‍ജുൻ എത്തുമെന്ന് അറിഞ്ഞ് നിരവധിപേരാണ് സന്ധ്യ തിയേറ്ററിലെത്തിയത്. ഇതിനുപിന്നാലെ, തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതോടെ പൊലീസ് ലാത്തി വീശിയിരുന്നു. ഇതിനിടെയാണ് ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) മരിച്ചത്. കുടുംബത്തോടൊപ്പം അല്ലു അര്‍ജുനെ കാണാൻ എത്തിയതായിരുന്നു രേവതി.
സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസ് സിപിആര്‍ അടക്കം നല്‍കിയെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമുണ്ടായിരുന്ന രേവതിയെന്ന സ്ത്രീ ആർടിസി എക്‌സ് റോഡ്‌സ് പരിസരത്ത് തിക്കിലും തിരക്കിലും ആൾക്കൂട്ടത്തിൽ കുടുങ്ങിയെന്നും ജീവൻ നഷ്‌ടപ്പെട്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.