ഭുവനേശ്വര്‍: പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട, അതിപ്രശസ്‌തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരമായ 'രത്ന ഭണ്ഡാർ' 46 വർഷത്തിന് ശേഷം വീണ്ടും തുറന്നു. ഞായറാഴ്‌ചയാണ് (ജൂലൈ 14) ഭണ്ഡാരം തുറന്നത്. വിലപിടിപ്പുള്ള വസ്‌തുക്കളുടെ ശേഖരണത്തിനും അറ്റകുറ്റപ്പണികൾക്കുമായാണ് 1978ന് ശേഷം ആദ്യമായി 'രത്ന ഭണ്ഡാർ' തുറന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉച്ചയ്‌ക്ക് 1.28നാണ് ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്നത്. ട്രഷറിയിലെ വിലപിടിപ്പുള്ള വസ്‌തുക്കളുടെ ഇൻവെൻ്ററി മേൽനോട്ടം വഹിക്കാൻ നേരത്തെ സംസ്ഥാന സർക്കാർ ഒരു സമിതി രൂപീകരിച്ചിരുന്നു. ജസ്റ്റിസ് ബിശ്വനാഥ് രഥ് ആയിരുന്നു ഈ സമിതിയുടെ അധ്യക്ഷൻ. പുരിയിൽ ചേർന്ന സമിതി യോഗത്തിലാണ് ഭണ്ഡാരം തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സമിതി അംഗങ്ങൾ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ആചാരപ്രകാരമായിരുന്നു ഭണ്ഡാരം വീണ്ടും തുറന്നതെന്ന് അധികൃതർ അറിയിച്ചു. 'നിങ്ങളുടെ ആഗ്രഹപ്രകാരം ജഗന്നാഥ ക്ഷേത്രങ്ങളുടെ നാല് കവാടങ്ങൾ നേരത്തെ തുറന്നിരുന്നു. ഇന്ന്, നിങ്ങളുടെ ആഗ്രഹപ്രകാരം, 46 വർഷത്തിന് ശേഷം മഹത്തായ ലക്ഷ്യത്തിനായി രത്നഭണ്ഡാരം തുറന്നിരിക്കുന്നു' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് എക്‌സില്‍ കുറിച്ചത്.
ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്‌മിനിസ്‌ട്രേഷൻ (എസ്ജെടിഎ) ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ അരബിന്ദ പാധി ഉൾപ്പടെയുള്ള കമ്മിറ്റി അംഗങ്ങൾ ട്രഷറി സന്ദർശിക്കാനുണ്ട്. വിലപിടിപ്പുള്ള വസ്‌തുക്കൾ താത്കാലികമായി സൂക്ഷിക്കുന്ന സ്ഥലം നേരത്തെ ക്ഷേത്രം അധികൃതർ കണ്ടെത്തിയിരുന്നു. അതേസമയം, രത്‌ന ഭണ്ഡാരം വീണ്ടും തുറക്കുന്നതിനുള്ള അനുമതി തേടുന്ന 'അഗ്‌ന്യ' ചടങ്ങ് രാവിലെ തന്നെ പൂർത്തിയായിരുന്നു.
ഉച്ചയ്‌ക്ക് 12 മണിയോടെയാണ് കമ്മറ്റി അംഗങ്ങൾ ഭണ്ഡാരം വീണ്ടും തുറക്കാനായി എത്തിയതെന്നും പരമ്പരാഗത വസ്‌ത്രം ധരിച്ചാണ് ഇവർ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്നും സമിതിയിലെ മറ്റൊരു അംഗം സിബി കെ മൊഹന്തി പറഞ്ഞു. രാവിലെ, ജഗന്നാഥ ഭഗവാൻ്റെ മുമ്പാകെ ജസ്‌റ്റിസ് രഥും പാധിയും ജോലികൾ സുഗമമായി പൂർത്തീകരിക്കുന്നതിനായി പ്രാർഥന നടത്തി. മുഴുവൻ പ്രക്രിയക്കും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്ഒപി) ഉണ്ടാക്കിയിട്ടുണ്ടെന്ന് പാധി പറഞ്ഞു.