ചണ്ഡീഗഢ്:ആന്ധ്ര പ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിന് ഒരു ഭക്തൻ കഴിഞ്ഞ ദിവസം നൽകിയ സംഭാവന 21 കോടി രൂപ. പഞ്ചാബിലെ ഒരു പ്രമുഖ വ്യവസായിയായ പത്മശ്രീ രജീന്ദർ ഗുപ്‌തയാണ് ക്ഷേത്രത്തിലേക്ക് 21 കോടിയുടെ ചെക്ക് സമർപ്പിച്ചത്. പ്രമുഖ ടെക്‌സ്‌റ്റൈൽ ഇൻഡസ്‌ട്രിയായ ട്രൈഡന്‍റ് ഗ്രൂപ്പിന്‍റെ ചെയർമാനാണ് ഇദ്ദേഹം.
കുടുംബവുമായി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ചെക്ക് കൈമാറിയത്. സംഭാവന നൽകിയതിന്‍റെ വിവരങ്ങൾ അദ്ദേഹം തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ക്ഷേത്രത്തിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് തന്‍റെ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ക്ഷേത്ര ഭാരവാഹിക്ക് ചെക്ക് കൈമാറുന്ന രജീന്ദർ ഗുപ്‌ത (ETV Bharat) രജീന്ദർ ഗുപ്‌ത ആര്?
ലുധിയാന ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനാണ് രജീന്ദർ ഗുപ്‌ത. ലുധിയാനയിൽ നിന്നാണ് അദ്ദേഹം തന്‍റെ ബിസിനസ് കെട്ടിപ്പടുത്തത്. പിന്നീട് പഞ്ചാബിലേക്കും ഇന്ത്യയിലുടനീളവുമായി വ്യാപിപ്പിക്കുകയായിരുന്നു. ഇന്ന്, കമ്പനിയുടെ ഉത്‌പ്പന്നങ്ങൾ രാജ്യത്തിനകത്ത് മാത്രമല്ല, വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ഏകദേശം 5000 കോടി രൂപയാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്.
എപിജെ അബ്‌ദുൾ കലാമിൽ നിന്നും രജീന്ദർ ഗുപ്‌ത പത്മശ്രീ ഏറ്റുവാങ്ങുന്നു (ETV Bharat- File) ബിസിനസിനൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് അദ്ദേഹം. കൊവിഡ് കാലത്ത് ദശലക്ഷക്കണക്കിന് പിപിഇ കിറ്റും മാസ്‌ക്കുകളും കമ്പനി സൗജന്യമായി നിർമിച്ചു നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ആദരിച്ചിരുന്നു. ബിസിനസിലെ നേട്ടങ്ങളും വിശിഷ്‌ട സേവനങ്ങളും പരിഗണിച്ച് 2007-ൽ രാഷ്ട്രപതി രജീന്ദർ ഗുപ്‌തയെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.
Also Read:ഐഐടി മദ്രാസിന് 228 കോടി നൽകി പൂര്‍വ്വ വിദ്യാര്‍ഥി; വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കുന്ന റെക്കോഡ് സംഭാവന