ബെംഗളൂരു : ഇലക്‌ട്രോണിക് സിറ്റിയിലെ ബാംഗ്ലൂർ ബയോഇന്നോവേഷൻ സെന്‍ററിൽ (ബിബിസി) വൻ തീപിടിത്തം. 150 കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായി അധികൃതർ പറഞ്ഞു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്ന് (ജനുവരി 15) പുലർച്ചെ 4.35ഓടെയാണ് സംഭവം.
കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ലാബുകളിൽ നിന്നാണ് തീപിടിത്തമുണ്ടായത്. സുരക്ഷാ ജീവനക്കാരനാണ് തീപിടിത്തമുണ്ടായത് ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹം അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വേഗത്തിൽ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണയ്ക്കാൻ കഴിഞ്ഞത്.
അതേസമയം തീപിടിത്തത്തിൽ 'സ്‌റ്റാർട്ടപ്പുകൾക്ക് 80 കോടി മുതൽ 110 കോടി രൂപ വരെ നഷ്‌ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബിബിസിക്ക് ഏകദേശം 42 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായും കണക്കാക്കുന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല' എന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പ്രസ്‌താവനയിൽ പറഞ്ഞു. കൂടുതൽ സ്‌റ്റാർട്ടപ്പുകളെ ഉൾക്കൊള്ളുന്നതിനായി അടുത്തിടെ നവീകരിച്ച രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.
ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 'ഗലോർ ടിഎക്‌സ് സ്‌റ്റാർട്ടപ്പ് ലാബിൽ തീപിടിക്കുന്ന ലായകങ്ങളുടെ ശരിയായ രീതിയിലുള്ള മാനേജ്മെന്‍റ് ഇല്ലാത്തതിനാലാണ് അപകടം ഉണ്ടായത്. വലിയ അളവിൽ തീപിടിക്കുന്ന രാസവസ്‌തുക്കൾ അവരുടെ ലാബുകളിൽ സൂക്ഷിക്കരുതെന്നും, പകരം നിയുക്ത സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിക്കണമെന്നും സ്‌റ്റാർട്ടപ്പുകൾക്ക് നിർദേശം നൽകിയിരുന്നു' എന്ന് ഐടി, ബിടി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക