ബെംഗളൂരു :കോണ്‍ഗ്രസിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മംഗല്യസൂത്ര (താലി) പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നരേന്ദ്ര മോദി വര്‍ഗീയ പ്രസ്‌താവന നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു.
'കോണ്‍ഗ്രസ് നിങ്ങളുടെ മംഗല്യസൂത്രയും സ്വര്‍ണവും തട്ടിയെടുത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കും' - എന്നായിരുന്നു മോദിയുടെ പരാമര്‍ശം. 'രാജ്യം കഴിഞ്ഞ 75 വര്‍ഷമായി സ്വതന്ത്രമാണ്, 55 വര്‍ഷം കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് എപ്പോഴെങ്കിലും നിങ്ങളുടെ സ്വര്‍ണമോ താലിയോ തട്ടിയെടുത്തിരുന്നോ' - പ്രിയങ്ക ഗാന്ധി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചു.
നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും രാജ്യത്തിന്‍റെ സ്വത്ത് നല്‍കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം. ഇത്തരത്തില്‍ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണം കോണ്‍ഗ്രസ് കവരുമെന്നും നരേന്ദ്ര മോദി പ്രസംഗത്തില്‍ പറയുകയുണ്ടായി.
യുദ്ധം ഉണ്ടായപ്പോള്‍ തന്‍റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി തന്‍റെ സ്വര്‍ണം മുഴുവന്‍ സംഭാവന നല്‍കിയതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. തന്‍റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു, തന്‍റെ അമ്മ സോണിയാഗാന്ധി അവരുടെ താലി രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചതാണ്. താലിയുടെ പ്രാധാന്യം മോദി മനസിലാക്കിയിരുന്നു എങ്കില്‍ ഇത്തരം അനാവശ്യ പ്രസ്‌താവനകള്‍ നടത്തുമായിരുന്നില്ല എന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
സ്‌ത്രീകളുടെ വിട്ടുകൊടുക്കാനുള്ള മനസാണ് ഇന്ത്യയുടെ എല്ലാ പാരമ്പര്യങ്ങളുടെയും അടിത്തറയെന്നും പ്രിയങ്ക പ്രതികരിച്ചു. 'കുടുംബത്തിലെ മറ്റെല്ലാവരും ഉറങ്ങാതെ സ്‌ത്രീകള്‍ ഉറങ്ങാറില്ല. കുടുംബത്തില്‍ സാമ്പത്തിക പ്രശ്‌നം വന്നാല്‍ തന്‍റെ ആഭരണങ്ങള്‍ അവര്‍ പണയപ്പെടുത്തും. മറ്റുള്ളവരെ ഒഴിഞ്ഞ വയറോടെ ഉറങ്ങാന്‍ അനുവദിക്കില്ല, അതിനായി അവള്‍ വിശപ്പ് സഹിക്കും.