ജയ്‌പൂർ : രാജ്യത്തെ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്ക്കും കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജനങ്ങളിൽ നിന്നും അവരുടെ പ്രശ്‌നങ്ങളിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായും അകന്നിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. മോദിക്ക് ചുറ്റുമുള്ളവർ സത്യം പറയാൻ ഭയപ്പെടുന്ന തരത്തിൽ അധികാരം ആസ്വദിക്കുന്നുവെന്നും രാജസ്ഥാനിലെ ജലോറിൽ നടന്ന പൊതുയോഗത്തിൽ കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.
'നിങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം പണപ്പെരുപ്പമാണ്. മോദിജിക്ക് അത് മനസിലാക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അധികാരം കൂടുതലുള്ളപ്പോൾ ആളുകൾ സത്യം പറയില്ല. ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും യാഥാർഥ്യത്തെക്കുറിച്ച് അദ്ദേഹത്തോട് പറയാൻ ഭയമാണെ'ന്നും പ്രിയങ്ക പറഞ്ഞു.
കർഷകർ കടക്കെണിയിലാണ്, പക്ഷേ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. ടിവിയിലും മാധ്യമങ്ങളിലും ഫോണുകളിലും രാജ്യം പുരോഗമിക്കുന്നതായി കാണിക്കുന്നു. ജി 20 ഉച്ചകോടി പോലുള്ള പരിപാടികൾ ഇന്ത്യയിൽ നടക്കുമ്പോൾ തങ്ങൾക്കും അഭിമാനം തോന്നുന്നു. എന്നാൽ മറ്റൊരു യാഥാർഥ്യം പാവപ്പെട്ടവരും യുവാക്കളും വർധിച്ചുവരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും മൂലം അനുഭവിക്കുന്നു എന്നതാണ്.
പ്രതിരോധ സേനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി അഗ്‌നിവീർ പദ്ധതി കൊണ്ടുവന്നതിന് കേന്ദ്രത്തെ വിമർശിച്ച പ്രിയങ്ക, ഈ പദ്ധതി കൊണ്ടുവന്നവർക്ക് യുവാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും വികാരങ്ങൾ മനസിലാക്കാൻ കഴിയില്ലെന്നും അവകാശപ്പെട്ടു.
അഴിമതി തുടച്ചുനീക്കുമെന്ന ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്നും പ്രതിപക്ഷത്തെ വായ്‌മൂടിക്കെട്ടാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നതെന്നും അവർ ആരോപിച്ചു. ആളുകൾക്കെതിരെ ഏകപക്ഷീയമായി കേസെടുക്കാനും അവരെ ജയിലിലടക്കാനും സർക്കാർ അന്വേഷണ ഏജൻസികളെ സ്വാധീനിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.