കാൻഗ്ര (ഹിമാചൽ പ്രദേശ്) :പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. രാജ്യം പുരോഗമിക്കുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്നാല്‍ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വർധിച്ചു വരികയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കാൻഗ്രയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.
'പ്രധാനമന്ത്രി സ്റ്റേജിൽ നിന്ന് അസംബന്ധം വിളിച്ചുപറയുകയാണ്. കോൺഗ്രസ് നിങ്ങളുടെ പോത്തിനെ മോഷ്‌ടിച്ചു കളയും എന്ന് ചിലപ്പോൾ പറയും. കോണ്‍ഗ്രസ് നിങ്ങളുടെ മംഗല്യസൂത്രം മോഷ്‌ടിക്കും എന്നും പറയുന്നുണ്ട്. എന്നാല്‍ സത്യം പകല്‍ പോലെ വ്യക്തമാണ്. മോദിജിയെ പോലെ ഒരു നേതാവുമില്ലെന്നും രാജ്യം അനുദിനം പുരോഗമിക്കുകയാണെന്നും നിങ്ങളോട് ടിവിയിൽ പറയുന്നുണ്ടാകും. എന്നാല്‍ 70 ശതമാനം യുവാക്കളും തൊഴിൽരഹിതരാണെന്നും രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുകയാണ് എന്നതുമാണ് സത്യം.'- പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോൺഗ്രസ് വൺ റാങ്ക് വൺ പെൻഷൻ കൊണ്ടുവന്നു. നേരത്തെ സൈനികർക്ക് വികലാംഗ പെൻഷൻ ലഭിച്ചിരുന്നു. പക്ഷേ ബിജെപി അവയൊക്കെ നിർത്തലാക്കി. അവരുടെ സർക്കാർ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്?. ഇന്ന് ഹിമാചലിലെ മുഴുവൻ കോൾഡ് സ്റ്റോറേജും അദാനി ജിയുടേതാണ്. ആപ്പിളിന്‍റെ വില എന്തായിരിക്കണമെന്ന് അദ്ദേഹം തീരുമാനിക്കും. കര്‍ഷകര്‍ വഞ്ചിക്കപ്പെടുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.