റായ്‌ബറേലി:കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദി സര്‍ക്കാരിന്‍റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് ബ്രിട്ടീഷ് ഭരണകാലത്തേതിന് സമാനമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ ശതകോടീശ്വരന്‍മാര്‍ക്ക് മാത്രം പ്രയോജനപ്പെടും വിധമുള്ളതാണ്.
രാജ്യത്തെ അസമത്വ തോത് ബ്രിട്ടീഷ് ഭരണകാലത്തേക്കാള്‍ വര്‍ധിച്ചിരിക്കുന്നതായി രാജ്യാന്തര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാവങ്ങളെ മനസില്‍ കണ്ടുകൊണ്ട് മോദി സര്‍ക്കാര്‍ യാതൊരു നയങ്ങളും ആവിഷ്ക്കരിക്കുന്നില്ല. കോണ്‍ഗ്രസ് നേതാവും പ്രിയങ്കയുടെ സഹോദരനുമായ രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് മോദി സര്‍ക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്.
മാധ്യമങ്ങളും പാര്‍ലമെന്‍റും അടക്കം ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട എല്ല സ്ഥാപനങ്ങളെയും ദുര്‍ബലമാക്കിയിരിക്കുന്നു. മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ജനങ്ങളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനാണ് ബ്രിട്ടീഷുകാരോട് പോരാടിയത്. സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങളുടെ അവകാശങ്ങള്‍ മുഴുവന്‍ ഉന്‍മൂലനം ചെയ്യപ്പെടുന്ന ഒരു ദിവസം വന്നണയുമെന്ന് അവര്‍ കരുതിയതേയില്ല.
ഭരണഘടനയെ മാറ്റിമറിക്കാന്‍ ശ്രമം നടക്കുന്നു. കോടിക്കണക്കിന് പേരുടെ ജീവിതം മാറ്റിമറിച്ച സംവരണം പോലുള്ളവ എടുത്ത് കളയാന്‍ നീക്കം നടക്കുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.