മുംബൈ: ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് നടി പ്രിയങ്ക ചോപ്ര. ചൊവ്വാഴ്‌ച രാവിലെ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പ്രിയങ്ക ആക്രമണത്തെ അപലപിക്കുകയും ലോകമെമ്പാടും പ്രചരിക്കുന്ന വിദ്വേഷത്തെ ചോദ്യം ചെയ്യുകയും ചെയ്‌തു. സാധാരണക്കാരെയും കുട്ടികളെയും എന്തുകൊണ്ട് ആക്രമണത്തിന് ഇരയാക്കിയെന്ന് പ്രിയങ്ക ചോദിച്ചു.
"നിരപരാധികളായ തീർഥാടകർക്ക് നേരെയുള്ള ഈ ഹീനമായ ആക്രമണം ഭയാനകമാണ്. എന്തുകൊണ്ട് സാധാരണക്കാരെയും കുട്ടികളെയും ആക്രമണത്തിനിരയാക്കി?. ലോകമെമ്പാടും പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന് സാക്ഷ്യം വഹിക്കാൻ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്" ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രിയങ്ക ചോപ്ര പറഞ്ഞു.
പ്രിയങ്കയ്‌ക്ക് പുറമെ വരുൺ ധവാൻ, പരിനീതി ചോപ്ര, കങ്കണ റണാവത്ത്, റിതേഷ് ദേശ്‌മുഖ്, അനുപം ഖേർ തുടങ്ങിയവരും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. "റിയാസിയില്‍ നിരപരാധികളായ തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഞാൻ തകർന്നിരിക്കുകയാണ്. പരേതരായവരുടെ ആത്മാക്കൾക്ക് വേണ്ടി ഞാൻ പ്രാർഥിക്കുന്നു. ഇരകളോടും അവരുടെ കുടുംബങ്ങളോടും എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു"- വരുൺ ധവാൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ടു.