ന്യൂഡൽഹി:റഷ്യയ്‌ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌നിലും സന്ദര്‍ശനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. റഷ്യ - യുക്രെയ്‌ൻ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഗോള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. യുക്രെയ്‌ൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് കീവില്‍ എത്തുന്ന മോദി പ്രസിഡന്‍റ് വ്ളാഡിമിര്‍ സെലെൻസ്‌കിയുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം.
യുക്രെയ്നൊപ്പം പോളണ്ടിലേക്കും പ്രധാനമന്ത്രി പര്യടനം നടത്തിയേക്കും. യാത്രകള്‍ നടക്കുകയാണെങ്കില്‍ യുക്രെയ്‌നിലേക്കുള്ള നരേന്ദ്ര മോദിയുടെ ആദ്യ യാത്രയാകും ഇത്. സമാനമായി 45 വർഷത്തിന് ശേഷമാണ് പോളണ്ടില്‍ ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. അതേസമയം, യുദ്ധമേഖലയിലേക്കുള്ള യാത്രയ്ക്ക് വൻ തയ്യാറെടുപ്പുകൾ ആവശ്യമായതിനാൽ സന്ദർശനത്തെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നും വൃത്തങ്ങൾ അറിയിക്കുന്നു.
അടുത്തിടെ, മോദി മോസ്കോ സന്ദർശിച്ചതില്‍ പാശ്ചാത്യലോകം അതൃപ്‌തി അറിയിക്കുന്നതിനിടെയാണ് ഇന്ത്യ - യുക്രേനിയൻ ഉദ്യോഗസ്ഥർ തമ്മിലുള്ള അവസാനവട്ട ചർച്ചകൾ നടന്നത്. റഷ്യ - യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ കൈക്കൊള്ളുന്ന സന്തുലിത നടപടിയായാണ് മോദിയുടെ കീവിലേക്കുള്ള യാത്രയെന്നും വിലയിരുത്തലുണ്ട്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി ജൂലൈ 19ന് ഫോൺ സംഭാഷണം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് അവർ ചർച്ച ചെയ്‌തതായാണ് റിപ്പോര്‍ട്ട്. റഷ്യ - യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള വഴികൾ ചര്‍ച്ച ചെയ്യാനാകും മോദിയുടെ സന്ദർശനം എന്നാണ് പ്രതീക്ഷിക്കുന്നത്.