പ്രയാഗ്‌രാജ്:കുംഭമേളയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ന് (ഫെബ്രുവരി 9) രാവിലെയോടെ പ്രയാഗ്‌രാജിലെത്തിയ രാഷ്ട്രപതി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി. രാവിലെ 10.45ഓടെയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെത്തിയത്. നദിയിൽ മൂന്ന് തവണ രാഷ്ട്രപതി മുങ്ങിനിവർന്നു.
കുംഭമേള നഗരിയിൽ രാഷ്‌ട്രപതി ഇന്ന് എട്ട് മണിക്കൂറോളം സമയം ചെലവഴിക്കും. സ്‌നാനത്തിന് ശേഷം അക്ഷയവത്, ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ പൂജയും ദർശനവും നടത്തും. ഡിജിറ്റൽ കുംഭ് അനുഭവ് സെന്‍ററിലും സന്ദർശനം നടത്തും.
പ്രയാഗ്‌രാജിലെത്തിയ രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണറും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് സ്വീകരിച്ചത്. ത്രിവേണി സംഗമത്തിലേക്ക് യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലുടനീളം കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.