അമൃത്‌സര്‍ :സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള പൈതൃക വീഥിയില്‍ പ്രീവെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ നിരോധിച്ച് അധികൃതര്‍. പ്രദേശത്തെ ആത്മീയ അന്തരീക്ഷം നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു(Pre-Wedding Shoot).
അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തിലേക്കുള്ള (സച്ച്കാന്ത് ശ്രീ ദര്‍ബാര്‍ സാഹിബിലേക്കുള്ള) വീഥി പ്രീവെഡ്ഡിങ് ഷൂട്ടുകാരും റീല്‍സ് ചിത്രീകരണക്കാരും കയ്യടക്കിയതോടെയാണ് അധികൃതര്‍ നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശിരോമണി കമ്മിറ്റിയാണ് ഷൂട്ടിംഗുകാര്‍ക്കെതിരെ രംഗത്തെത്തിയത്. സാഹിബിലേക്ക് എത്തുന്ന ഭക്തര്‍ ഷൂട്ടിങ്ങുകാരെക്കുറിച്ച് പരാതി പറഞ്ഞ് തുടങ്ങിയപ്പോഴാണ് ശിരോമണി കമ്മിറ്റി ഇടപെട്ടത്. അമൃത്‌സര്‍ പൊലീസ് കമ്മീഷണറാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്(Golden temple Amritsar).
വിവാഹത്തിലേക്ക് കടക്കാനൊരുങ്ങുന്ന നിരവധി പേരാണ് ഇവിടെ ഷൂട്ടിങ്ങിനായി എത്തുന്നത്. ഇവിടെ നിന്നുള്ള മിക്ക ദമ്പതിമാരുടെയും ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഷൂട്ടിങ്ങിനായി ഇവര്‍ പോസ്റ്ററുകളും മറ്റും പതിപ്പിച്ച് ഇവിടം വൃത്തികേടാക്കുന്നതായും പരാതിയുണ്ട്. ഇവിടെ സ്ഥാപിക്കുന്ന പോസ്റ്ററുകളും കട്ടൗട്ടുകളും മറ്റും പിന്നീട് പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് മാറ്റാറുള്ളത്. എന്നാല്‍ തിരക്കില്ലാത്ത പുലര്‍ച്ചെ സമയങ്ങളിലും മറ്റുമാണ് തങ്ങള്‍ ഇവിടെ വന്ന് ദൃശ്യങ്ങളെടുക്കാറുള്ളതെന്ന് ചില ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു(Gurudwara Prabandhak Committee).