അയോധ്യ : രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. ഉഷ അയോധ്യയില്‍. ചടങ്ങിന് മുന്നോടിയായി അവര്‍ അയോധ്യയിലെ സരയൂ നദീതീരം സന്ദര്‍ശിച്ചിരുന്നു. അയോധ്യയിലെത്തിയ സന്തോഷം പങ്കിട്ട പി.ടി. ഉഷ സരയൂ നദീതീരത്തുനിന്നുള്ള ചിത്രങ്ങള്‍ തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു(PT Usha visited Sarayu).
"ഭഗവാന്‍ ശ്രീരാമന്‍ പിറന്ന ഈ പുണ്യഭൂമിയില്‍ എത്താനായത് ഭാഗ്യം. ഞാന്‍ വളരെയേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഭഗവാന്‍റെ തത്വങ്ങളും, അനുഗ്രഹവും നമ്മളെ ധാര്‍മ്മികതയുടെ പാതയിലൂടെ വഴി നടത്തും. ഭഗവാന്‍റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായത് പുണ്യം" - പി.ടി. ഉഷ തന്‍റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
380 അടി നീളവും, 250 അടി വീതിയും, 161 അടി ഉയരത്തിലുമായി പരമ്പരാഗത നഗര ശൈലിയിലാണ് രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അമ്പലത്തിന് 392 തൂണുകളും 44 വാതിലുകളുമുണ്ട്. ക്ഷേത്രത്തിന്‍റെ തൂണുകളിലും, ചുവരുകളിലുമായി ദേവതകളുടെയും ദേവന്മാരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ പ്രധാന ശ്രീകോവിലിലാണ് ഭഗവാൻ ശ്രീരാമന്‍റെ ബാല്യരൂപമായ ശ്രീ രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടം കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സിംഗ് ദ്വാരിലൂടെ 32 പടികൾ കയറിച്ചെന്നാൽ പ്രധാന കവാടത്തില്‍ എത്തിച്ചേരാം. അഞ്ച് മണ്ഡപങ്ങളാണ് മന്ദിരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിവ. ക്ഷേത്രത്തിനടുത്തായി ഒരു ചരിത്ര പ്രധാന്യമുള്ള കിണർ ഉണ്ട്.
പുരാതന കാലഘട്ടം മുതലുള്ള കിണര്‍ സീതാ കൂപ്പ് എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്ര സമുച്ചയത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തായി കുബേർ തിലയിലാണ് ജടായുവിന്‍റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഭഗവാൻ ശിവന്‍റെ പുരാതന ക്ഷേത്രവും ഇവിടെ പുനഃസ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ ഒരിടത്തും ഇരുമ്പ് ഉപയോഗിക്കുന്നില്ല. ഭൂമിയിലെ ഈർപ്പം സംരക്ഷിക്കുന്നതിനായി ഗ്രാനൈറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള തൂണും നിർമിച്ചിട്ടുണ്ട് (Pran Pratishtha).
തിങ്കളാഴ്‌ച ഉച്ചയോടെ 12:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സന്യാസിമാർ, വിശിഷ്ടാതിഥികൾ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിശക്തമായ സുരക്ഷാസംവിധാനങ്ങളാണ് അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്.