ബെംഗളൂരു :ഹസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗിക വീഡിയോ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ എച്ച് ഡി ദേവഗൗഡയുടെയും എച്ച് ഡി കുമാരസ്വാമിയുടെയും പേരുകള്‍ ഉള്‍പ്പെടുത്തരുതെന്ന് ബെംഗളൂരു സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി. കുമാരസ്വാമിയും ദേവഗൗഡയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചത്. ലൈംഗിക വീഡിയോ കേസില്‍ ഇരുനേതാക്കള്‍ക്കുമെതിരെ തെളിവില്ലാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇരുവരുടെയും അന്തസിനും പ്രശസ്‌തിക്കും ഭീഷണിയാകുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സത്യവും ഉചിതവുമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്താവു എന്നും മാധ്യമ സ്ഥാപനങ്ങളോട് കോടതി പറഞ്ഞു.
പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട വീഡിയോകള്‍ വൈറലായതോടെ ദേവഗൗഡയുടെ കുടുംബാംഗങ്ങളുടെ പേരുകള്‍ മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇത് തന്‍റെ കുടുംബത്തിന് വലിയ നാണക്കേട് ഉണ്ടാക്കിയെന്ന് അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞു. ഇതേകാര്യം ഉന്നയിച്ച് എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. പിന്നാലെ ഇരുനേതാക്കളും സെഷന്‍സ് കോടതിയെ സമീപിച്ചു.
പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ കേസ്, എച്ച് ഡി രേവണ്ണ ഉള്‍പ്പെട്ട സ്‌ത്രീയെ തട്ടിക്കൊണ്ടുപോയ കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ തങ്ങളുടെ കുടുംബത്തെയും വലിച്ചിഴയ്‌ക്കുന്നു എന്നാണ് ഹര്‍ജിയില്‍ നേതാക്കള്‍ പറയുന്നത്. 'കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും മറ്റ് ദൃശ്യമാധ്യമങ്ങളിലും ഞങ്ങളുടെ കുടുംബത്തിന്‍റെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നു. ഇതിലൂടെ ഞങ്ങളെ കേസില്‍ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഈ കേസുകളുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുള്ള അപവാദം ഞങ്ങളുടെ കുടുംബത്തിന്‍റെ അന്തസിനും രാഷ്‌ട്രീയ ഭാവിയ്‌ക്കും ഭീഷണിയാണ്. ഇത് ഗൗരവമായി കണക്കിലെടുത്ത് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് അഭ്യര്‍ഥിക്കുന്നു' -മുന്‍ പ്രധാനമന്ത്രിയായ എച്ച് ഡി ദേവഗൗഡയും മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
Also Read: പ്രജ്വല്‍ രേവണ്ണയുടെ വീഡിയോ ചോര്‍ത്തിയതാര്; പരസ്‌പരം പഴിചാരി രേവണ്ണയുടെ മുന്‍ ഡ്രൈവറും ബിജെപി നേതാവും - Prajwal Revanna Leaked Video Source