ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയിലെ സ്‌പീക്കര്‍ പദവിക്ക് വന്‍ ഡിമാന്‍ഡാണ്. തെരഞ്ഞെടുപ്പില്‍ 292 സീറ്റ് നേടി ഭൂരിപക്ഷം നേടിയ ദേശീയ ജനാധിപത്യ സഖ്യത്തിലെ പ്രമുഖ ഘടക കക്ഷികള്‍ക്കെല്ലാം വേണം ലോക്‌സഭ സ്‌പീക്കര്‍ പദവി. എന്താണ് ഈ ഡിമാന്‍ഡിന് പിന്നിലെ രഹസ്യം.
- അംഗബലവും അട്ടിമറി സാധ്യതയും
18-ാം ലോക്‌സഭയിലെ കക്ഷി നില തന്നെയാണ് ലോക്‌സഭ സ്‌പീക്കര്‍ പദവിക്ക് ഇത്രയേറെ പ്രാധാന്യമേറാന്‍ കാരണം. 234 സീറ്റുകളുള്ള ശക്തമായ പ്രതിപക്ഷമായി ഇന്ത്യ സഖ്യം സഭയിലുണ്ട്. 20 പാര്‍ട്ടികളിലായി ചിതറിക്കിടക്കുകയാണ് ഈ സീറ്റുകള്‍.
99 സീറ്റുകളുള്ള കോണ്‍ഗ്രസും 37 സീറ്റുകളുള്ള സമാജ്‌വാദി പാര്‍ട്ടിയും 29 സീറ്റുള്ള തൃണമൂല്‍ കോണ്‍ഗ്രസും 22 സീറ്റുള്ള ഡിഎംകെയും കഴിഞ്ഞാല്‍ ഇന്ത്യ സഖ്യത്തിന്‍റെ 47 സീറ്റുകള്‍ നേടിയിരിക്കുന്നത് കൊച്ചു പാര്‍ട്ടികളാണ്. 7 സ്വതന്ത്രരും എങ്ങോട്ടും ചായാവുന്ന മറ്റ് ചിലര്‍ വേറേയും. നേരിയ ഭൂരിപക്ഷം മാത്രം നേടി 292 സീറ്റുകളുമായാണ് എന്‍ഡിഎ ഭരണത്തിലേറുന്നത്.
ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ബിജെപി, 16 സീറ്റുകളുള്ള ടിഡിപിയുടേയും 12 സീറ്റുകളുള്ള ജെഡിയുവിന്‍റേയും മറ്റ് 11 കക്ഷികളുടേയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ആരും എങ്ങോട്ടും ചായാമെന്ന അവസ്ഥ. സഭ നിയന്ത്രിക്കുന്നതില്‍ മാത്രമല്ല സര്‍ക്കാരിന്‍റെ ഭാവി നിശ്ചയിക്കുന്നതിലും നിര്‍ണായകമാവാന്‍ പോകുന്നത് സ്‌പീക്കറുടെ നിലപാടുകളാവും.
- ഭരണ കക്ഷിയില്‍ നിന്നല്ലാതെ സ്‌പീക്കര്‍മാര്‍
സാധാരണ നിലയില്‍ ഭരണ കക്ഷിയില്‍ നിന്നുള്ള ഒരംഗം സ്‌പീക്കറാവുന്നതാണ് പതിവ്. വാജ് പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് തെലുഗു ദേശം പാര്‍ട്ടിയിലെ ജിഎംസി ബാലയോഗിയും ശിവസേനയിലെ മനോഹര്‍ ജോഷിയും ലോക്‌സഭ സ്‌പീക്കര്‍മാരായ ചരിത്രമുണ്ട്.
- സ്‌പീക്കറുടെ അധികാരങ്ങള്‍
ഭരണഘടന അനുസരിച്ച് ലോക്‌സഭയുടെ അധ്യക്ഷനാണ് സ്‌പീക്കര്‍. പ്രോട്ടോക്കോളില്‍ ആറാം സ്ഥാനത്തുള്ള ഭരണഘടന പദവി. സഭ നല്ല രീതിയില്‍ നിയന്ത്രിച്ച് നിയമനിര്‍മാണ കാര്യങ്ങളും മറ്റ് ഭരണപരമായ കാര്യങ്ങളും നിര്‍വഹിക്കേണ്ട ചുമതല സ്‌പീക്കര്‍ക്കാണ്.
അംഗങ്ങളുടെ അവകാശങ്ങളും പ്രത്യേക അധികാരങ്ങളും സംരക്ഷിച്ച് നല്‍കാനുള്ള ചുമതലയും സ്‌പീക്കര്‍ക്കാണ്. സന്നിഗ്‌ദ ഘട്ടങ്ങളില്‍ സഭയിലെ വോട്ടിങ്ങില്‍ ടൈ വരികയാണെങ്കില്‍ സ്‌പീക്കര്‍ക്ക് വോട്ടിങ് അധികാരം ഉപയോഗിക്കാം. സഭയില്‍ ക്വാറം തികയാത്ത സാഹചര്യമുണ്ടെങ്കില്‍ സഭ നിര്‍ത്തി വയ്‌ക്കാനുള്ള അധികാരവും സ്‌പീക്കര്‍ക്കുണ്ട്.
സഭ ചര്‍ച്ച ചെയ്യേണ്ട അജണ്ട നിശ്ചയിക്കുന്നതും സ്‌പീക്കറാണ്. സഭയില്‍ ബഹളം സൃഷ്‌ടിക്കുകയോ സഭയുടെ അന്തസിന് നിരക്കാത്ത രീതിയില്‍ മോശമായി പെരുമാറുകയോ ചെയ്യുന്ന അംഗങ്ങളെ ശിക്ഷിക്കാനും സ്‌പീക്കര്‍ക്ക് അധികാരമുണ്ട്. സഭയ്ക്ക് അകത്ത് സ്‌പീക്കറുടെ ഉത്തരവുകള്‍ ധിക്കരിക്കുന്ന അംഗങ്ങളെ സഭയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കാന്‍ സ്‌പീക്കര്‍ക്കാവും.
സഭയിലെ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതും സ്‌പീക്കറാണ്. അവിശ്വാസ പ്രമേയം ഒഴികെ സഭയില്‍ അവതരിപ്പിക്കപ്പെടുന്ന മുഴുവന്‍ പ്രമേയങ്ങള്‍ക്കും സ്‌പീക്കറുടെ അനുമതി ആവശ്യമാണ്.
മേല്‍പ്പറഞ്ഞവയെല്ലാം സ്‌പീക്കറുടെ സാധാരണ ഗതിയിലുള്ള അധികാരങ്ങളാണ്. എന്നാല്‍ 18ാം നിയമസഭയില്‍ സ്‌പീക്കര്‍ ശ്രദ്ധാകേന്ദ്രമാവുക ആ ഭരണഘടന പദവിയുടെ മറ്റ് രണ്ട് അധികാരങ്ങളുടെ പേരിലാവും. അതിലൊന്ന് അവിശ്വാസ പ്രമേയങ്ങളും അടിയന്തര പ്രമേയങ്ങളും ഖണ്ഡന പ്രമേയങ്ങളും ശാസന പ്രമേയവും അനുവദിക്കാനുള്ള സ്‌പീക്കറുടെ വിശേഷ അധികാരമാണ്. അതിലും പ്രധാനം കൂറുമാറ്റത്തിന്‍റെ പേരില്‍ ഏതെങ്കിലും അംഗത്തെ അയോഗ്യനാക്കാനും സ്‌പീക്കര്‍ക്ക് അധികാരമുണ്ട്. നിരവധി കക്ഷികളും നേര്‍ത്ത ഭൂരിപക്ഷവുമുള്ള സഭയില്‍ ഈ വിശേഷ അധികാരം ഉപയോഗിക്കാന്‍ സ്‌പീക്കര്‍ക്ക് അനസരം വരുമോയെന്ന് പറയാനാവില്ലെങ്കിലും അത്തരം സാഹചര്യം ഓരോ രാഷ്‌ട്രീയ പാര്‍ട്ടിയും മുന്നില്‍ കാണുന്നു.
- എന്താണ് കൂറുമാറ്റ നിരോധന നിയമം
വളരെ പ്രധാനപ്പെട്ട ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനയുടെ പത്താം പട്ടികയില്‍ ഉള്‍പ്പെടുത്തിയ നിയമമാണിത്. കൂറുമാറ്റത്തെ തുടര്‍ന്ന് ഒരു പാര്‍ലമെന്‍റ് അംഗത്തെ അയോഗ്യനാക്കുന്നതിനെ പറ്റിയാണ് നിയമം പ്രതിപാദിക്കുന്നത്. 1967ല്‍ ഹരിയാനയില്‍ നിന്നുള്ള ഒരു എംഎല്‍എ ഗയാ ലാല്‍ ഒറ്റദിവസം തന്നെ 3 തവണ പാര്‍ട്ടി മാറി. പിന്നീട് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പ്രസിദ്ധമായ 'ആയാ റാം ഗയാറാം' എന്ന പ്രയോഗം ഉണ്ടായതങ്ങിനെയാണ്. ഇങ്ങിനെ നിരന്തരമായ കൂറുമാറ്റങ്ങളിലൂടെ പല സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ അധികാരത്തില്‍ നിന്ന് പുറത്തായിട്ടുണ്ട്.
ഈ പ്രശ്‌നം പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന വൈബി ചവാന്‍റെ നേതൃത്വത്തില്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇങ്ങിനെ പണത്തിന് വേണ്ടി കൂറുമാറുന്ന അംഗങ്ങളെ പാര്‍ലമെന്‍റ് അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും നിശ്ചിതകാലത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടാണ് സമിതി നല്‍കിയത്.
1985 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ ഈ നിയമം പാസായി. 2003ല്‍ നിയമത്തില്‍ പുതിയ ഭേദഗതി കൂട്ടിച്ചേര്‍ക്കപ്പെട്ടു. പാര്‍ട്ടി പിളര്‍ന്നതിനെത്തുടര്‍ന്നുള്ള കൂറുമാറ്റവും അയോഗ്യതയ്ക്ക് കാരണമാകുമെന്നായിരുന്നു ഭേദഗതി. പാര്‍ട്ടി നല്‍കുന്ന വിപ്പും നിര്‍ദേശങ്ങളും പാലിക്കാതിരിക്കുന്നതും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുമൊക്കെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടാനുള്ള കാരണമായി സുപ്രീംകോടതി പല ഘട്ടങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്വതന്ത്രര്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നതും അയോഗ്യതയ്ക്ക് കാരണമാകും. ഇത്തരം കേസുകളിലൊക്കെ തീരുമാനമെടുക്കാനുള്ള അധികാരം സ്‌പീക്കര്‍ക്കാണെന്നതാണ് പരമ പ്രധാനം. ഈ തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാമെങ്കിലും സ്‌പീക്കറുടെ തീരുമാനം പ്രധാനമാണ്. മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാമെന്ന വ്യവസ്ഥയും നിയമത്തിലുണ്ട്.
ഈ പഴുത് രാഷ്‌ട്രീയമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യം അടുത്തകാലത്ത് പല സംസ്ഥാനങ്ങളിലും കണ്ടത് ഗൗരവമായാണ് പാര്‍ട്ടികള്‍ എടുക്കുന്നത്. പതിനെട്ടാം ലോക് സഭയിലും അത്തരം ലയനങ്ങള്‍ക്കും പിളര്‍പ്പുകള്‍ക്കുമുള്ള സാധ്യതകള്‍ പാര്‍ട്ടികള്‍ തള്ളുന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടികളുടെ നിലനില്‍പ്പും സുരക്ഷയും മുന്നില്‍ കണ്ടുകൂടിയാണ് പലരും സ്‌പീക്കര്‍ പദവിക്ക് വേണ്ടി വാശി പിടിക്കുന്നത്.
Also Read:ഇന്ത്യയുടെ കൂറുമാറ്റ നിരോധന നിയമത്തിൻ്റെ ദൗർഭാഗ്യകരമായ യാഥാർഥ്യം; ഭാവിയെന്ത്? - Anti Defection Law India