ശ്രീനഗർ:ജമ്മു കശ്മീരിൽ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വിദേശ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കുകളായി കണ്ട് സ്വന്തം രാജ്യത്തെ പൗരന്മാരെ പരിഹസിക്കുന്ന അർബൻ നക്സലുകളുടെ നിയന്ത്രണത്തിലാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ജമ്മുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മുടെ ധീരരായ സൈനികരുടെ ത്യാഗങ്ങളെ കോൺഗ്രസ് ഒരിക്കലും ആദരിച്ചിട്ടില്ല. ഇന്ന്, നമ്മുടെ സ്വന്തം പൗരന്മാരുടെ കഷ്ടപ്പാടുകളെ പരിഹസിച്ച് കൊണ്ട് വിദേശ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കുകളായി സ്വീകരിക്കുന്ന അർബൻ നക്സൽ അനുഭാവികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു' നരേന്ദ്ര മോദി പറഞ്ഞു.
കോൺഗ്രസും നാഷണൽ കോൺഫറൻസും പിഡിപിയും ജമ്മുവിനോട് എല്ലായ്പ്പോഴും അനീതി മാത്രമാണ് കാണിച്ചിട്ടുള്ളതെന്ന് മോദി ആരോപിച്ചു. 'ഇന്ന്, ജമ്മു കശ്മീരിൽ നടക്കുന്ന മാറ്റങ്ങളിൽ കോൺഗ്രസ്-എൻസിയും പിഡിപിയും രോഷാകുലരാണ്. നിങ്ങളുടെ വികസനം അവർ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ സർക്കാർ രൂപീകരിച്ചാൽ പഴയ സംവിധാനം തിരികെ കൊണ്ടുവരുമെന്നാണ് അവർ പറയുന്നത്. എന്നാൽ ജമ്മുവിൽ വിവേചനപരമായ ഭരണമാകും അവർ കൊണ്ടുവരിക' മോദി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പതിറ്റാണ്ടുകളായി കോൺഗ്രസ്, എൻസി, പിഡിപി പാർട്ടികൾ അവരുടെ നേതാക്കന്മാരുടെയും കുടുംബങ്ങളുടെയും താത്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. മാത്രമല്ല, വികലമായ നയങ്ങളിലൂടെയും നിസംഗതയിലൂടെയും അവഗണനയിലൂടെയും നമ്മുടെ തലമുറകളുടെ അധപതനത്തിനും ചൂഷണത്തിനും കോൺഗ്രസിന് കാര്യമായ ഉത്തരവാദിത്തമുണ്ടെന്നും മോദി വിമർശിച്ചു.