ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാള്‍. ഇന്ന് ഒഡിഷയിലെ ഭുവനേശ്വറിലെത്തുന്ന മോദി ചേരിപ്രദേശത്ത് ചെലവിടും. സൈനിക വിദ്യാലയത്തിന്‍റെ പരിസരത്തുള്ള ഗഡകണ ചേരിയിലാണ് പ്രധാനമന്ത്രി പിറന്നാള്‍ ദിനം ചെലവഴിക്കുക.
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളുമായി ഈ വേളയില്‍ പ്രധാനമന്ത്രി സംവദിക്കും. പിന്നീട് ജനത മൈതാനിയില്‍ വനിതകൾക്ക് അഞ്ച് വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന 'സുഭദ്ര യോജന' പദ്ധതികൾ പ്രഖ്യാപിക്കും. ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ വാഗ്‌ദാനമായിരുന്നു ഇത്.
പലയിടങ്ങളിലും ഓട്ടോറിക്ഷകൾ യാത്രയ്ക്ക് ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. സൂറത്തിലെ വ്യാപാരികളും ഇന്ന് ഇളവുകള്‍ പ്രഖ്യാപിച്ചു. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ സംഘടനകളും വ്യക്തികളും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അജ്‌മീർ ഷെരീഫ് ദർഗ 4000 കിലോഗ്രാമിന്‍റെ സസ്യഭക്ഷണം വിതരണം ചെയ്യും. ചെന്നൈയിൽ പ്രസ്‌ലി ഷെക്കിന (13) എന്ന വിദ്യാർഥിനി ധാന്യങ്ങൾ ഉപയോഗിച്ച് മോദിയുടെ ഛായാചിത്രം തീര്‍ത്തു.
1950 സെപ്റ്റംബർ 17ന് ആണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറിൽ ദാമോദർദാസ് മുൽചന്ദ് മോദി–ഹീരാബെൻ ദമ്പതികളുടെ മകനായി നരേന്ദ്ര മോദി ജനിച്ചത്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഭാരത മാതാവിന്‍റെ മഹാ പുത്രനായ ദാര്‍ശനിക നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചത്.
കരുത്തും അഭിവൃദ്ധിയുമുള്ള ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടുകള്‍ എല്ലാവരുടെയും ഹൃദയത്തെ പ്രോജ്വലിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങയുടെ നേതൃത്വവും ആത്മാര്‍പ്പണവും ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്നത് തുടരും. തലമുറകളെ താങ്കള്‍ പ്രചോദിപ്പിക്കുകയും ചെയ്യും -സാഹ കുറിച്ചു.