ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഓഗസ്റ്റ് 30) മഹാരാഷ്‌ട്ര സന്ദര്‍ശിക്കും. വാഡവന്‍ തുറമുഖ പദ്ധതിയുടെ തറക്കല്ലിടലാണ് സന്ദര്‍ശനത്തിലെ മുഖ്യപരിപാടി. 76,000 കോടി രൂപയുടെ തുറമുഖ പദ്ധതി പല്‍ഘറിലാണ്. മുംബൈയില്‍ ആഗോള ഫിന്‍ടെക് ഫെസ്റ്റിനെയും മോദി അഭിസംബോധന ചെയ്യും.
രാവിലെ 11 മണിയോടെയാണ് ആഗോള ഫിന്‍ടെക് ഫെസ്റ്റിനെ മോദി അഭിസംബോധന ചെയ്യുക. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് പരിപാടി. തുടര്‍ന്ന് പല്‍ഘറിലെ സിഡ്കോ ഗ്രൗണ്ടിലാണ് വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പേമെന്‍റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, നാഷണല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഫിന്‍ടെക് കണ്‍വര്‍ജന്‍സ് കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള ഫിന്‍ടെകിന്‍റെ പ്രത്യേക സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള നയരൂപകര്‍ത്താക്കള്‍, ബാങ്കര്‍മാര്‍, വ്യവസായികള്‍, അക്കാദമിക്കുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 800ലേറെ പേര്‍ ഫിന്‍ടെക് ഫെസ്റ്റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കും. കോണ്‍ഫറന്‍സില്‍ ഏകദേശം 350 സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാഡവന്‍ തുറമുഖ പദ്ധതി മഹാരാഷ്‌ട്രയുടെ മൊത്തത്തിലുള്ള പുരോഗതിക്ക് വളരെ പ്രാധാന്യമുള്ളതാണെന്ന് നേരത്തെ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരുന്നു. ഇത് രാജ്യത്തെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖമാണ്. കടല്‍ ഗതാഗതം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ഇന്ത്യയെ ആഗോള വാണിജ്യ ഹബ്ബാക്കി മാറ്റാനും തുറമുഖത്തിന്‍റെ പ്രത്യേക സ്ഥാനം സഹായകമാകും.