ന്യൂഡൽഹി:ധന്വന്തരി ജയന്തിയും ഒമ്പതാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഇന്ന് (ഒക്‌ടോബര്‍ 29) അഖിലേന്ത്യ ആയുര്‍വേദ ഇൻസ്‌റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. ആയുഷ്‌മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎം-ജെഎവൈ) എന്ന സുപ്രധാന പദ്ധതിയുടെ പ്രധാന കൂട്ടിച്ചേര്‍ക്കല്‍ എന്ന നിലയില്‍, 70 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്ന പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിടും.
എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം കണക്കിലെടുക്കാതെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും. രാജ്യത്തുടനീളം ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണിത്. ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്‌ചറിന്‍റെ പ്രധാന ഉത്തേജനം എന്ന നിലയിൽ, ഒന്നിലധികം ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ഇന്ത്യയിലെ ആദ്യത്തെ അഖിലേന്ത്യ ആയുർവേദ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പഞ്ചകർമ ആശുപത്രി, ഔഷധ നിർമാണത്തിനുള്ള ആയുർവേദ ഫാർമസി, സ്‌പോർട്‌സ് മെഡിസിൻ യൂണിറ്റ്, സെൻട്രൽ ലൈബ്രറി, ഐടി, സ്‌റ്റാർട്ടപ്പ് ഇൻകുബേഷൻ സെൻ്റർ, 500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മധ്യപ്രദേശിലെ മന്ദ്‌സൗർ, നീമുച്ച്, സിയോനി എന്നിവിടങ്ങളിലെ മൂന്ന് മെഡിക്കൽ കോളജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ, ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂർ, പശ്ചിമ ബംഗാളിലെ കല്യാണി, ബീഹാറിലെ പട്‌ന, ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ, ഭോപ്പാൽ എന്നിവിടങ്ങളിലെ വിവിധ എയിംസുകളിലെ സൗകര്യങ്ങളും സേവന വിപുലീകരണങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. മധ്യപ്രദേശിലും അസമിലെ ഗുവാഹത്തിയിലും ന്യൂഡൽഹിയിലും ജൻ ഔഷധി കേന്ദ്രവും ഇതിൽ ഉൾപ്പെടുന്നു.
ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂരിലെ സർക്കാർ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും ഒഡിഷയിലെ ബർഗഡിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മധ്യപ്രദേശിലെ ശിവപുരി, രത്‌ലം, ഖണ്ട്‌വ, രാജ്‌ഗഡ്, മന്ദ്‌സൗർ എന്നിവിടങ്ങളിലെ അഞ്ച് നഴ്‌സിങ് കോളജുകളുടെ തറക്കല്ലിടലും അദ്ദേഹം നടത്തുന്നുണ്ട്.
ആയുഷ്‌മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്‌ചർ മിഷൻ്റെ (PM-ABHIM) കീഴിലുള്ള ഹിമാചൽപ്രദേശ്, കർണാടക, മണിപ്പൂർ, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവിടങ്ങളിലെ 21 ക്രിട്ടിക്കൽ കെയർ ബ്ലോക്കുകളുടെയും ന്യൂഡൽഹിയിലെ എയിംസിലും ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിലും നിരവധി സൗകര്യങ്ങൾക്കും സേവന വിപുലീകരണങ്ങൾക്കും പ്രധാനമന്ത്രി തറക്കിലിടും.
പ്രധാനമന്ത്രി മധ്യപ്രദേശിലെ ഇൻഡോറിൽ ഇഎസ്ഐസി ആശുപത്രി ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ ഫരീദാബാദ്, കർണാടകയിലെ ബൊമ്മസാന്ദ്ര, നരസാപൂർ, മധ്യപ്രദേശിലെ ഇൻഡോർ, ഉത്തർപ്രദേശിലെ മീററ്റ്, ആന്ധ്രാപ്രദേശിലെ അച്യുതപുരം എന്നിവിടങ്ങളിലെ ഇഎസ്ഐസി ആശുപത്രികൾക്ക് തറക്കല്ലിടും. ഈ പദ്ധതികൾ 55 ലക്ഷം ഇഎസ്ഐ ഗുണഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ നൽകും.
അതേസമയം യു-വിൻ പോർട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വാക്‌സിനേഷൻ പ്രക്രിയ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ ഗർഭിണികൾക്കും ശിശുക്കൾക്കും ഇത് പ്രയോജനപ്പെടും. ഗർഭിണികൾക്കും കുട്ടികൾക്കും (ജനനം മുതൽ 16 വയസ് വരെ) പ്രതിരോധകുത്തിവയ്പ്പിലൂടെ തടയാന്‍ കഴിയുന്ന 12 രോഗങ്ങള്‍ക്കെതിരെ ജീവന്‍രക്ഷാ വാക്‌സിനുകള്‍ സമയബന്ധിതമായി നല്‍കുമെന്ന് ഇത് ഉറപ്പാക്കും.
പൗരന്മാരില്‍ ആരോഗ്യ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള “ദേശ് കാ പ്രകൃതി പരിക്ഷൺ അഭിയാന്‍” എന്ന രാജ്യവ്യാപക യജ്ഞത്തിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനും വേണ്ടിയുള്ള കാലാവസ്ഥാവ്യതിയാനവും മനുഷ്യ ആരോഗ്യവും സംബന്ധിച്ച സംസ്ഥാന നിർദിഷ്‌ട കര്‍മപദ്ധതിയും അദ്ദേഹം പുറത്തിറക്കും. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ആരോഗ്യ പരിപാലന സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അനുയോജ്യമായ തന്ത്രങ്ങള്‍ ഇത് ആവിഷ്‌കരിക്കും.
Also Read:ഇന്ത്യയുടെ വിമാനങ്ങള്‍ ആഗോളതലത്തിലേക്ക്; നിര്‍മിക്കുന്നത് ടാറ്റ, കൂടുതല്‍ തൊഴില്‍ അവസരങ്ങളെന്ന പ്രഖ്യാപനവുമായി മോദി