ന്യൂഡൽഹി: ജാർഖണ്ഡ് സന്ദര്‍ശന വേളയില്‍ 660 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടാറ്റ നഗറിൽ ആറ് വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഇന്ന് (സെപ്‌റ്റംബര്‍ 15) ഫ്ലാഗ് ഓഫ് ചെയ്യും. 20,000 പ്രധാൻ മന്ത്രി ആവാസ് യോജന-ഗ്രാവിൻ (PMAY-G) ഗുണഭോക്താക്കൾക്ക് അനുമതി പത്രങ്ങളും ഇന്ന് വിതരണം ചെയ്യുമെന്ന് മോദി എക്‌സില്‍ കുറിച്ചു.
ടാറ്റാനഗർ-പട്‌ന, ഭഗൽപൂർ-ദുംക-ഹൗറ, ബ്രഹ്മപൂർ-ടാറ്റാനഗർ, ഗയ-ഹൗറ, ദിയോഘർ-വാരാണസി, റൂർക്കേല-ഹൗറ റൂട്ടുകളിലെ കണക്റ്റിവിറ്റി ട്രെയിനുകൾ മെച്ചപ്പെടുത്തുന്ന തരത്തിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകളെന്ന് മോദി പറഞ്ഞു. ദിയോഘറിലെ (ജാർഖണ്ഡ്) ബൈദ്യനാഥ് ധാം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം (ഉത്തർപ്രദേശ്), കാളിഘട്ട്, കൊൽക്കത്തയിലെ (പശ്ചിമ ബംഗാൾ) ബേലൂർ മഠം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും പുതിയ വന്ദേഭാരത് വേഗത്തിലാക്കും.