ഹൈദരാബാദ് : ഇന്ത്യയുടെ വൈവിധ്യം സൂചിപ്പിക്കാന്‍ കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പ്രസ്‌താവന വിവാദമായതിന് പിന്നാലെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊലിയുടെ നിറത്തിന്‍റെ പേരിൽ രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാറങ്കലിൽ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് മോദിയുടെ വിമര്‍ശനം.
ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ച് സംസാരിക്കേവേ, ഇന്ത്യയുടെ വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയും, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും ആണെന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം. പ്രസിഡന്‍റ് ദ്രൗപതി മുര്‍മുവിനെ എടുത്ത് കാട്ടിയായിരുന്നു മോദിയുടെ മറുപടി.
'ആദിവാസി കുടുംബത്തിന്‍റെ മകളായ, വളരെ നല്ല പേരുള്ള ദ്രൗപതി മുർമുവിനെ എന്തിനാണ് കോൺഗ്രസ് തോൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഞാൻ ഒരുപാട് ചിന്തിച്ചിരുന്നു. ഇന്ന് അതിന്‍റെ കാരണം എനിക്ക് മനസിലായി. ഞാൻ അത് മനസിലാക്കി. 'ഷെഹ്‌സാദ'(രാഹുല്‍ ഗാന്ധി) യുടെ ദാർശനിക വഴികാട്ടിയായ ഒരു അമ്മാവൻ അമേരിക്കയിലുണ്ട്. ക്രിക്കറ്റിലെ തേർഡ് അമ്പയറോടെന്ന പോലെ 'ഷെഹ്‌സാദ' അദ്ദേഹത്തിന്‍റെ ഉപദേശമാണ് സ്വീകരിക്കുന്നത്.
ഈ തത്ത്വചിന്തകനായ അമ്മാവൻ പറഞ്ഞു, കറുത്ത തൊലിയുള്ളവർ ആഫ്രിക്കയിൽ നിന്നുള്ളവരാണ് എന്ന്. ഇതിനർഥം നിങ്ങൾ രാജ്യത്തെ നിരവധി ആളുകളെ അവരുടെ തൊലിയുടെ നിറത്തിന്‍റെ അടിസ്ഥാനത്തിൽ അധിക്ഷേപിക്കുന്നു എന്നാണ്. അവർ രാജ്യത്തെ എവിടേക്ക് കൊണ്ടുപോകും? നമ്മുെട നിറമേതായാലും നമ്മള്‍ ഭഗവാൻ കൃഷ്‌ണനെ ആരാധിക്കുന്നവരാണ്'- പ്രധാനമന്ത്രി പറഞ്ഞു.
സാം പിത്രോദയുടെ പരാമര്‍ശം :ലോകത്ത് ജനാധിപത്യത്തിന്‍റെ ഉജ്ജ്വല ഉദാഹരണമാണ് ഇന്ത്യ എന്നത് സംബന്ധിച്ച് 'ദി സ്‌റ്റേറ്റ്‌സ്‌മാൻ'-പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിത്രോദ. 'രാജ്യത്തെ ജനങ്ങൾ 75 വർഷം അതിജീവിച്ചത് വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ്. അവിടെയും ഇവിടെയും കുറച്ച് വഴക്കുകൾ ഒഴിച്ചാല്‍ ആളുകൾ സമാധാനത്തിലാണ് ജീവിച്ചിരുന്നത്'- പിത്രോദ പറഞ്ഞു.
'കിഴക്ക് ചൈനക്കാരെ പോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവർ അറബികളെ പോലെയും, വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയും, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും കാണപ്പെടുന്ന ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിർത്താന്‍ യാതൊരു പ്രയാസവുമില്ല.'-പിത്രോഡ പറഞ്ഞു. എല്ലാവർക്കും ഇടം നല്‍കുന്ന, എല്ലാവരും അൽപ്പം വിട്ടുവീഴ്‌ചകളൊക്കെ ചെയ്യുന്ന, ഒരു ഇന്ത്യയിലാണ് താൻ വിശ്വസിക്കുന്നതെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു.