ന്യൂഡൽഹി:അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക വേളയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ കോൺഗ്രസ് പാർട്ടി എങ്ങനെയാണ് ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിച്ചതെന്ന് ഓർമിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
"അടിയന്തരാവസ്ഥയെ ചെറുത്തുതോൽപ്പിച്ച എല്ലാ മഹാപുരുഷന്മാർക്കും സ്‌ത്രീകൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണിന്ന്. കോൺഗ്രസ് പാർട്ടി അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ അട്ടിമറിക്കുകയും ഓരോ ഇന്ത്യക്കാരനും വളരെ ബഹുമാനിക്കുന്ന ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്‌തതെങ്ങനെയെന്ന് അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു." പ്രധാനമന്ത്രി പറഞ്ഞു.
അധികാരത്തെ മുറുകെ പിടിക്കുന്നതിനുവേണ്ടി അന്നത്തെ കോൺഗ്രസ് സർക്കാർ എല്ലാ ജനാധിപത്യ തത്വങ്ങളെയും അവഗണിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "അധികാരത്തിൽ ഉറച്ചുനിൽക്കുന്നതിനായി അന്നത്തെ കോൺഗ്രസ് സർക്കാർ എല്ലാ ജനാധിപത്യ തത്വങ്ങളെയും അവഗണിച്ച് രാജ്യത്തെ ജയിലിലാക്കി. കോൺഗ്രസിനോട് വിയോജിക്കുന്ന ഏതൊരു വ്യക്തിയെയും പീഡിപ്പിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്‌തു. ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് പിന്തിരിപ്പൻ നയങ്ങൾ അവതരിപ്പിച്ചു." മോദി ചൂണ്ടിക്കാട്ടി
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർക്ക് ഒരിക്കലും നമ്മുടെ ഭരണഘടനയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്ണമറ്റ അവസരങ്ങളിൽ ആർട്ടിക്കിൾ 356 അടിച്ചേൽപ്പിക്കുകയും പത്രസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനുള്ള ബിൽ കൊണ്ടുവന്നതും ഫെഡറലിസം നശിപ്പിച്ചതും ഭരണഘടനയുടെ എല്ലാ വശങ്ങളും ലംഘിച്ചതും ഇവർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ 21 മാസത്തെ അടിയന്തരാവസ്ഥയെ അടയാളപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി പരിപാടി നടത്തുമെന്ന് ബിജെപി അറിയിച്ചു. "കൃത്യമായി 49 വർഷം മുമ്പ് അന്നത്തെ കോൺഗ്രസ് സർക്കാർ ഇന്ത്യയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യ ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥക്കാലം. അത് ആര് ആഗ്രഹിച്ചാലും മറക്കാൻ കഴിയില്ല. അക്കാലത്ത് സ്വേച്‌ഛാധിപത്യം നടത്തിയത് ജനാധിപത്യത്തോടുള്ള പല രാഷ്‌ട്രീയ പാർട്ടികളുടെയും പ്രതിബദ്ധതയെക്കുറിച്ച് ചോദ്യചിഹ്നം ഉയർത്തുന്നുണ്ട്". പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പറഞ്ഞു.