ഹൈദരാബാദില്‍ ബൈക്ക് പൊട്ടിത്തെറിച്ചു (Source: Etv Bharat Reporter) ഹൈദരാബാദ് : ഓടിക്കൊണ്ടിരിക്കെ തീ പിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പൊട്ടിത്തെറിച്ച് പത്ത് പേർക്ക് പരിക്ക്. ഓൾഡ് സിറ്റി ഭവാനി നഗർ പിഎസിന് കീഴിലുള്ള മുഗൾപുര അസ്ലം ഫങ്‌ഷന് സമീപമാണ് അപകടമുണ്ടായത്.
യാത്രയ്‌ക്കിടെ ബൈക്കില്‍ തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ട യാത്രികന്‍ വാഹനം നിര്‍ത്തുകയും അടുത്ത് കിടന്ന വാട്ടർ പൈപ്പ് ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്‌തു. കണ്ടുനിന്ന നാട്ടുകാരും ചാക്കും മറ്റും ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ സഹായിച്ചു.
എന്നാല്‍, എഞ്ചിന്‍റെ ചൂട് നിയന്ത്രിക്കാൻ കഴിയാതെ വരികയും വാഹനം പൊട്ടിത്തെറിക്കുകയുമായിരുന്നു. പൊട്ടിത്തെറിയിലാണ് യാത്രികനും നാട്ടുകാരും ഉള്‍പ്പടെ പത്ത് പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്‌തു.
പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ALSO READ: പൊന്നാനിയില്‍ നിന്നുപോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു ; രണ്ട് മരണം