ന്യൂഡൽഹി :നിരവധി രോഗങ്ങൾക്ക് ശാശ്വത ശമനം നൽകുമെന്ന് അവകാശപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് ക്ഷമാപണം നടത്തി പതഞ്ജലി ആയുര്‍വേദ. കമ്പനിക്കുവേണ്ടി എംഡി ആചാര്യ ബാലകൃഷ്‌ണ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നൽകാത്തതിന് ആചാര്യ ബാലകൃഷ്‌ണയോടും ബാബ രാംദേവിനോടും ഏപ്രിൽ രണ്ടിന് നേരിട്ട് ഹാജരാവാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ബാലകൃഷ്‌ണ സമർപിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെ, പതഞ്‌ജലി ഉത്‌പന്നങ്ങൾ പൊതുജനങ്ങളെ വലയ്‌ക്കുന്ന ജീവിതശൈലീ രോഗങ്ങൾക്ക് പരിഹാരം കാണുക മാത്രമാണ് കമ്പനിയുടെ ഉദ്ദേശ്യമെന്ന് ബാലകൃഷ്‌ണ വാദിച്ചു. ആയുർവേദത്തിൽ നടത്തിയ ഗവേഷണങ്ങളുടെ വിവരങ്ങൾക്കൊപ്പം, പതഞ്ജലി ആയുർവേദയുടെ കൈവശമുള്ള തെളിവുകളും ശാസ്ത്രീയ വിവരങ്ങളുടെയും രോഗങ്ങളുടെയും കാര്യങ്ങളിൽ കൈവരിച്ച പുരോഗതികളുടെ വിവരങ്ങളും പരിശോധിച്ചാൽ മനസിലാകുമെന്നും ബാലകൃഷ്‌ണ പറഞ്ഞു.
“രാജ്യത്തെ ഓരോ പൗരനും മെച്ചപ്പെട്ട ആരോഗ്യകരമായ ജീവിതം നയിക്കാനും, ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ഭയങ്ങളെ ഇല്ലാതാക്കി പരിഹാരങ്ങൾ നൽകാനുമാണ് പതഞ്‌ജലി ലക്ഷ്യമിടുന്നതെന്ന് ബാലകൃഷ്‌ണ പറഞ്ഞു. ജസ്‌റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള , ജസ്‌റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയെ ബെഞ്ചാണ് ആചാര്യ ബാലകൃഷ്‌ണയോടും ബാബ രാംദേവിനോടും ഏപ്രിൽ രണ്ടിന് ഹാജരാവാൻ നിർദേശിച്ചിരുന്നത്.