ന്യൂഡൽഹി:പഞ്ചാബ് പ്രവിശ്യയിലെ ചക്‌വാൽ ജില്ലയിലെ ശ്രീ കടാസ് രാജ് ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ തീർഥാടകർക്ക് വിസ അനുവദിച്ച് പാകിസ്ഥാൻ. 84 തീർഥാടകർക്ക് വിസ അനുവദിച്ചതായി ഹൈക്കമ്മിഷൻ അറിയിച്ചു. ഡിസംബർ 19 മുതൽ 25 വരെയുള്ള ക്ഷേത്ര സന്ദർശനത്തിനാണ് വിസ അനുവദിച്ചിരിക്കുന്നത്. പാകിസ്ഥാൻ ചാർജ് ഡി അഫയേഴ്‌സ് സാദ് അഹമ്മദ് വാറൈച്ച് ആണ് ഇക്കാര്യം അറിയിച്ചത്.
നടപ്പാതകൾ വഴി പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന നിരവധി ഹിന്ദു ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ശ്രീ കടാസ് രാജ്. കില കടാസ് എന്നും ശ്രീ കടാസ് രാജ് ക്ഷേത്രങ്ങൾ അറിയപ്പെടുന്നുണ്ട്. മതപരമായ കാര്യങ്ങൾക്കായി ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുള്ള ഒരു ഉഭയകക്ഷി പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള സിഖ്, ഹിന്ദു തീർത്ഥാടകർ എല്ലാ വർഷവും പാകിസ്ഥാൻ സന്ദർശിക്കുന്നുണ്ട്.