സംഗ്രൂർ (പഞ്ചാബ്) : കർഷക പ്രക്ഷോഭത്തിനിടെ (Farmers protest ) ഇന്നലെ നടന്ന സംഘർഷത്തിൽ യുവ കർഷകൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാക്കൾ. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഖനൗരി ബോർഡർ ക്രോസിലുണ്ടായ സംഘർഷത്തിൽ 21കാരനായ ശുഭ്‌കരനാണ് മരിച്ചത്. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ യുവകർഷകൻ മരിച്ചതിൽ ദുഖമുണ്ടെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.
'ഖാനൂരി അതിർത്തിയിൽ നടന്ന സംഭവത്തിൽ 21 കാരനായ ശുഭ്‌കരന്‍റെ മരണവാർത്ത ഇന്നാണ് അറിഞ്ഞത്. എന്‍റെ സംസ്ഥാനത്തുളള യുവാവ് ഇപ്പോൾ ഈ ലോകത്തിൽ ഇല്ല എന്നത് വളരെ സങ്കടകരമാണ്.' എന്തുകൊണ്ടാണ് പഞ്ചാബിലെ കർഷകന് സ്വന്തം രാജ്യത്തിന്‍റെ തലസ്ഥാനത്തേക്ക് പോകാൻ കഴിയാത്തതെന്നും അദ്ദേഹം കേന്ദ്രസർക്കാരിനെ വിമർശിച്ചു.
ശുഭ്‌കരന്‍റെ കുടുംബത്തോട് തങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും കുടുംബത്തെ സാമ്പത്തികമായും സാമൂഹികമായും എല്ലാ മേഖലകളിലും സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കൂടാതെ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നമ്മൾ സ്വാതന്ത്ര്യത്തിനായി പോരാടിയത് ഈ ദിവസത്തിനാണോ എന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു. പഞ്ചാബിലെ യുവാവ് ശുഭ്‌കരൻ്റെ മരണം അത്യന്തം ദുഃഖകരമാണ്. ഒരുനാൾ നമ്മുടെ നാട്ടിൽ നമ്മളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ബ്രിട്ടീഷുകാരെപ്പോലെ സ്വന്തം മക്കളെ രക്തസാക്ഷികളാക്കുമെന്നും പൂർണ്ണമായും ശുഭ്‌കരനൊപ്പമുണ്ടെന്നും യുവാവിന്‍റെ കൊലപാതകികൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.
അതേസമയം ഹരിയാന ആഭ്യന്തര മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വ ആവശ്യപ്പെട്ടു . ബട്ടിൻഡ ജില്ലയിൽ നിന്നുള്ള യുവാവിന് പൊലീസിന്‍റെ വെടിയേറ്റു. അതിൻ്റെ ഒരു വീഡിയോ താൻ കണ്ടു. നിർഭാഗ്യവശാൽ ഈ പ്രതിഷേധക്കാരെല്ലാം പഞ്ചാബ് പ്രദേശത്തായിരുന്നെന്നും അവരാരും തെറ്റൊന്നും ചെയ്‌തില്ലെന്നും അദ്ദേഹം പറഞ്ഞു.