ന്യൂഡൽഹി:വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ച് പരിശോധിക്കാന്‍ രൂപീകരിച്ച് സംയുക്ത പാർലമെന്‍ററി സമിതിയുടെ ആദ്യ മാരത്തൺ യോഗം പൂർത്തിയായി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ബില്ലിനെപ്പറ്റി യോഗത്തില്‍ വിശദീകരിക്കവേ പ്രതിപക്ഷ അംഗങ്ങൾ കടുത്ത എതിര്‍പ്പ് പ്രകടമാക്കി. അതേസമയം ബിജെപി അംഗങ്ങൾ ബില്ലിനെ അഭിനന്ദിച്ച് രംഗത്തെത്തി.
യോഗത്തിൽ ചൂടേറിയ വാദപ്രതിവാദങ്ങളാണ് നടന്നത്. യോഗം നടക്കവേ അംഗങ്ങൾ ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും വിശദീകരണം തേടുകയും ചെയ്‌തു. ബില്ലിനെപ്പറ്റി പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായം തേടാന്‍ യോഗത്തില്‍ തീരുമാനമായതായാണ് വിവരം. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യങ്ങൾ നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ആറ് മണിക്കൂറിലധികം നീണ്ട യോഗം ഫലപ്രദമായിരുന്നു എന്നാണ് കമ്മിറ്റി ചെയർപേഴ്‌സൺ ജഗദാംബിക പാൽ നടത്തിയ പ്രതികരണം. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്‌ലിം സംഘടനകളെ അവരുടെ അഭിപ്രായം കേൾക്കാൻ വിളിക്കുമെന്നും ജഗദാംബിക പാൽ അറിയിച്ചു. സമിതിയുടെ അടുത്ത യോഗം ഈ മാസം 30 ന് ചേരുമെന്നും വിവിധ സംസ്ഥാന വഖഫ് സംഘടനകളുടെ അഭിപ്രായം പാനൽ കേൾക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
യോഗത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ പരിഗണിക്കാന്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് ചില പ്രതിപക്ഷ അംഗങ്ങൾ വിമര്‍ശിച്ചു. അതേസമയം മുസ്‌ലിം സമുദായത്തിൻ്റെ ആശങ്കകൾ അഭിസംബോധന ചെയ്യണമെന്നും വിശാലമായ കൂടിയാലോചനകൾക്ക് നടത്തണമെന്നും ബിജെപി സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അംഗം ചൂണ്ടിക്കാട്ടി. തെലുങ്ക് ദേശം പാർട്ടിയും (ടിഡിപി) വിശാലമായ ചർച്ചകൾ നടത്തുമെന്ന് ആവശ്യപ്പെട്ടു.
ബിജെപിയുടെ സഞ്ജയ് ജയ്‌സ്വാൾ, അപരാജിത സാരംഗി, തേജസ്വി സൂര്യ, ദിലീപ് സൈകിയ, ഗുലാം അലി കോൺഗ്രസ് പാർട്ടിയുടെ ഗൗരവ് ഗൊഗോയ്, നസീർ ഹുസൈൻ, ടിഎംസിയുടെ കല്യാണ് ബാനർജി, വൈഎസ്ആർസിയുടെ വി വിജയസായി റെഡ്ഡി, എഎപിയുടെ സഞ്ജയ് സിങ്, എഐഎംഐഎമ്മിന്‍റെ അസദുദ്ദീൻ ഒവൈസി, ഡിഎംകെയുടെ എ രാജ, എൽജെപിയുടെ അരുൺ ഭാരതി, ടിഡിപിയുടെ ലവു ശ്രീകൃഷ്‌ണ ദേവരായലു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചില പ്രതിപക്ഷ അംഗങ്ങൾ ബില്ലിലെ വിവിധ വ്യവസ്ഥകളെയും അവയുടെ യുക്തിയെയും ചോദ്യം ചെയ്‌തു. തർക്കമുള്ള വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം തീരുമാനിക്കുന്നതിന് ജില്ലാ കലക്‌ടർമാർക്ക് അധികാരം നൽകാനുള്ള നീക്കവും, വഖഫ് ബോർഡുകളിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുക എന്നീ കാര്യങ്ങളിലാണ് അവർ ചോദ്യങ്ങൾ ഉന്നയിച്ചത്.