ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും പാര്‍ട്ടി ട്രഷററുമായ അജയ് മാക്കൻ. നല്‍കിയ ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം. ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെ വാർത്ത സമ്മേളനത്തിലാണ് അജയ് മാക്കൻ ആദായ നികുതി വകുപ്പിന് എതിരെ രൂക്ഷ വിമർശനമുയർത്തിയത്.
വളരെയധികം വിഷമകരമായ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്‌ക്കാനുണ്ടെന്ന് പറഞ്ഞാണ് അജയ് മക്കാന്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കാന്‍ ആരംഭിച്ചത്. 'യൂത്ത് കോൺഗ്രസിന്‍റെ അക്കൗണ്ടുകളും മരവിപ്പിച്ചു. ക്രൗഡ് ഫണ്ടിങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിച്ച പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്'.
2018-2019 ലെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ആദായ നികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും അജയ്‌മാക്കൻ പറഞ്ഞു. ഇതിനെതിരെ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും കോൺഗ്രസ് നേതാവ് വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. യൂത്ത് കോൺഗ്രസിൽ നിന്നും കോൺഗ്രസിൽ നിന്നും 210 കോടി രൂപ തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് ആദായ നികുതി വകുപ്പ്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് പ്രതിപക്ഷത്തെ പ്രധാന പാർട്ടിയായ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണെന്നും അജയ് മാക്കന്‍ പറഞ്ഞു. നമ്മുടെ രാജ്യത്ത് ജനാധിപത്യം സജീവമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും അജയ് മക്കാന്‍ ചോദിച്ചു. തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ പ്രധാന പ്രതിപക്ഷത്തിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലൂടെ ജനാധിപത്യത്തിന്‍റെ അവസ്ഥ മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ പാര്‍ട്ടിയുടെ കൈയില്‍ പണമില്ല. ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയാണ്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ ന്യായ് യാത്രയെ മാത്രമല്ല മുഴുവന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. വിഷയത്തില്‍ നിയമ നടപടികളുമായി തന്നെ മുന്നോട്ട് നീങ്ങും. തങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.
ഭാരത് ജോഡോ ന്യായ് യാത്ര യുപിയിലേക്ക്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് (ഫെബ്രുവരി 16) ബിഹാറിലെത്തി. ബിഹാറിലെ യാത്ര പൂര്‍ത്തിയാക്കി സംഘം ഇന്ന് വൈകുന്നേരത്തോടെ ഉത്തര്‍പ്രദേശിലേക്ക് കടക്കും. ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. മണിപ്പൂര്‍ അടക്കം 15 സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര 6700 കിലോമീറ്ററാണ് സഞ്ചരിക്കുക.