കട്ടക്ക്: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പലപ്പോഴും വളരെ ചെറിയ തുമ്പുകളാകും നിര്‍ണായകമാവുക. ഇത്തരത്തില്‍ പ്രതികളിലേക്ക് എത്തിയ ഒട്ടനവധി പൊലീസ് കഥകളുമുണ്ട്. അടുത്തിടെ ഒഡിഷയില്‍ നടന്ന ഒരു കൊലപാതകവും തുടര്‍ന്നുള്ള അന്വേഷണവും ഉദ്വേഗഭരിതമാണ്. വസ്‌ത്രത്തിലുണ്ടായിരുന്ന ടാഗ് പിന്തുടര്‍ന്നാണ് പൊലീസ് ഒടുവില്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു.
സംഭവം ഇങ്ങനെ:
ഡിസംബർ 13 ന് ആണ് കന്ദർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കട്ടക്കിലെ കാത്ജോദി നദിയുടെ തീരത്ത് നിന്ന് 35 കാരിയായ സ്‌ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. എന്നാല്‍ മൃതദേഹം ആരുടേത് ആണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
മൃതദേഹവുമായി ബന്ധപ്പെടുത്താവുന്ന തിരോധാന പരാതികളും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ എവിടെയും ലഭിച്ചിരുന്നില്ല. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം മാത്രമാണ് പൊലീസിന് തുമ്പായി ലഭിച്ചത്. മരിച്ചയാളുടെ ഇരു കൈകളിലും പച്ചകുത്തിയിരുന്നു. എന്നാല്‍ ഇതും മൃതദേഹം തിരിച്ചറിയാൻ സഹായകമായിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവ സ്ഥലത്തിന് സമീപത്തെ വെള്ളക്കെട്ടിൽ നിന്ന് രക്തം പുരണ്ട ഒരു ഷർട്ടും പാന്‍റസും പൊലീസ് കണ്ടെടുത്തിരുന്നു. ‘ന്യൂ സ്റ്റാർ ടെയ്‌ലേഴ്‌സ്’ എന്ന ടാഗ് വസ്‌ത്രത്തിൽ ഉണ്ടായിരുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.
ആകെ കിട്ടിയ തുമ്പില്‍ പിടിച്ചുകയറാന്‍ തന്നെ പൊലീസ് തീരുമാനിച്ചു. ഒഡിഷയില്‍ ന്യൂ സ്റ്റാർ ടെയ്‌ലേഴ്‌സ് എന്ന പേരും ഇതിന് സമാനമായ പേരുമുള്ള പത്തോളം തയ്യൽക്കാരെ പൊലീസ് പരിശോധിച്ചു. ഇവരുടെ ടാഗ് ഡിസൈൻ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്‌ത്രങ്ങളിലെ ടാഗുമായി ഒത്തുനോക്കുകയായിരുന്നു പൊലീസിന്‍റെ ഉദ്ദേശം. എന്നാല്‍ നിരാശയായിരുന്നു ഫലം. ഡിസൈന്‍ ആരുമായും ചേര്‍ന്നില്ല.
ഈ സമയത്താണ് ഗഞ്ചാം ജില്ലയിലെ ഒരു തയ്യൽക്കാരൻ ഒരു നിര്‍ണായക വിവരം പൊലീസുമായി പങ്കുവെക്കുന്നത്. ഗുജറാത്തിൽ ഇത്തരം ടാഗുകൾ വസ്‌ത്രത്തില്‍ ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു.
തുടർന്ന് ഒഡിഷ പൊലീസ് ഗുജറാത്തിലെ സഹപ്രവർത്തകരുമായി ബന്ധപ്പെട്ടു. ഗുജറാത്തില്‍ നടത്തിയ അന്വേഷണത്തില്‍ സൂറത്തിൽ നിന്ന് ഒരു തയ്യൽക്കാരനെ കണ്ടെത്തി. തയ്യൽക്കാരന്‍റെ ടാഗിൽ ഉണ്ടായിരുന്ന '3833' എന്ന നമ്പർ ആണ് നിര്‍ണായകമായത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച വസ്‌ത്രത്തിലെ ടാഗിലും ഈ നമ്പര്‍ ഉണ്ടായിരുന്നു.
ഷർട്ടും പാന്‍റും ബാബു എന്നയാൾക്ക് വേണ്ടി തയ്‌പ്പിച്ച് കൊടുത്തതാണെന്ന് തയ്യല്‍ക്കാരന്‍ വെളിപ്പെടുത്തി. എന്നാല്‍ ഇയാള്‍ക്ക് ബാബുവിനെപ്പറ്റി മറ്റൊരു വിവരവും അറിയില്ല.
എന്നാല്‍, ഇവിടെയും ഒരു തുമ്പ് ബാക്കിയാക്കിയാണ് ബാബു പോയത്. വസ്‌ത്രം തയ്പ്പിച്ച പൈസയില്‍ തയ്യൽക്കാരൻ 100 രൂപ ബാബുവിന് തിരികെ നൽകാനുണ്ടായിരുന്നു. ബാബുവിന്‍റെ കൈയിൽ ചില്ലറയില്ലാത്തതിനാല്‍ ഒരു മൊബൈൽ നമ്പറിന്‍റെ ഇ-വാലറ്റിലേക്കാണ് തുക അയച്ചത്.
ഇത് പൊലീസിന് നിര്‍ണായക വഴിത്തിരിവായി. പണം അയച്ചുകൊടുത്ത നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതു ബാബുവിന്‍റെ സുഹൃത്തിന്‍റേതാണ് എന്ന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വസ്‌ത്രത്തിന്‍റെ ഉടമയായ കേന്ദ്രപാഡ സ്വദേശി ജഗന്നാഥ് ദുഹുരി (27) ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബാബു എന്ന ജഗന്നാഥ് ദുഹുരി ട്രെയിനിൽ സൂറത്തിലേക്ക് മടങ്ങുകയാണ് എന്നും പൊലീസിന് വ്യക്തമായി. ട്രെയിൻ രായഗഡ വഴി കടന്നുപോകവേയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. മരിച്ചയാളുടെ ഭര്‍ത്തൃ സഹോദരനായിരുന്നു ജഗന്നാഥ് ദുഹുരി എന്ന് കണ്ടെത്തി. കേന്ദ്രപാഡയിലെ മഹാകൽപദയിലെ പത്മാവതി സമൽ ആണ് കൊല്ലപ്പെട്ട വ്യക്തി എന്നും പൊലീസ് തിരിച്ചറിഞ്ഞു.
സഹോദരനും പത്മാവതിയുടെ ഭര്‍ത്താവുമായ ബലറാം ദെഹൂരിയുടെയും ബന്ധു ഹാപി ദെഹൂരിയുടെയും സഹായത്തോടെയാണ് ജഗന്നാഥ് കുറ്റകൃത്യം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. പത്മാവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച ബലറാം മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് പത്മാവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കട്ടക്ക് ഡിസിപി ജഗ്‌മോഹൻ മീണ പറഞ്ഞു.
Also Read:'നിര്‍ഭയമാര്‍' തുടര്‍ക്കഥയാകുമ്പോള്‍, രാജ്യത്തെ പെണ്‍മക്കള്‍ സുരക്ഷിതരോ? മനസാക്ഷിയെ ഞെട്ടിച്ച ബലാത്സംഗക്കേസുകളെ കുറിച്ച് അറിയാം!