ഭുവനേശ്വർ (ഒഡിഷ) : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാടിന് അനുസൃതമായി സംസ്ഥാനം വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് നിയുക്ത മുഖ്യമന്ത്രി മോഹൻ ചരൺ മാജി.
'25 വർഷമായി തുടരുന്ന പോരാട്ടം കൊണ്ട് ഇപ്പോൾ ഞങ്ങൾ അധികാരത്തിൽ എത്തി. ദൈവത്തിനോടും ഒഡിഷയിലെ ജനങ്ങളോടും എൻ്റെ നന്ദി അറിയിക്കുന്നു. എനിക്ക് കിട്ടിയിരിക്കുന്ന ഉത്തരവാദിത്തം നന്നായി തന്നെ നിറവേറ്റും. സംസ്ഥാനത്തെ മുൻപന്തിയിലെത്തിക്കാൻ ഞാൻ പ്രവർത്തിക്കും. അടുത്ത അഞ്ച് വർഷത്തിനുളളിൽ സംസ്ഥാനത്ത് പുരോഗതിയുണ്ടാകും'. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിക്ക് പാർട്ടി അവസരം നൽകുന്നുവെന്നും മാജി പറഞ്ഞു.
'നരേന്ദ്ര മോദി ചായവിൽപ്പനക്കാരനായിരുന്നു. പക്ഷേ അദ്ദേഹം രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി. ഞാനും ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് ഉചിതമായ സമയത്ത് ഉചിതമായ സ്ഥാനം ബിജെപി തീർച്ചയായും നൽകും. പാർട്ടിയുടെ പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’ അനുസരിച്ച് പാർട്ടി പ്രവർത്തിക്കും. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ തീർച്ചയായും നിറവേറ്റും' -അദ്ദേഹം പറഞ്ഞു.