ഭുവനേശ്വർ: 'സുഭദ്ര' പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. നിശ്ചിത പ്രായപരിധിയിലുളള യോഗ്യരായ സ്‌ത്രീകള്‍ക്ക് പ്രതിവർഷം 10,000 രൂപ വീതം നല്‍കുന്നതാണ് 'സുഭദ്ര' പദ്ധതി. സംസ്ഥാനത്തെ ഒരു കോടിയിലധികം സ്ത്രീകളുടെ ജീവിതത്തെ 'സുഭദ്ര' പദ്ധതി മാറ്റിമറിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
21 വയസ് മുതല്‍ 60 വയസ് വരെ പ്രായമുളള സ്‌ത്രീകളാണ് പ്രസ്‌തുത പദ്ധതിയുടെ ഭാഗമാകുക. 55,825.00 കോടി രൂപയാണ് ഈ സ്ത്രീ ശാക്തീകരണ പദ്ധതിക്കായി സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷം ആരംഭിക്കുന്ന പദ്ധതി 2028-29 സാമ്പത്തിക വർഷം വരെ തുടരും.
രാഖി പൂർണിമ ദിനത്തിലും അന്താരാഷ്ട്ര വനിത ദിനത്തിലുമായി 5000 രൂപ വീതം രണ്ട് തവണകളായി 10,000 രൂപ യോഗ്യരായ സ്‌ത്രീകള്‍ക്ക് നൽകും. അങ്ങനെ അഞ്ച് വർഷത്തിനുള്ളിൽ ഒരു സ്‌ത്രീക്ക് മൊത്തം 50,000 രൂപ ലഭിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള കുടുംബങ്ങളിലെ സ്ത്രീകൾ, സർക്കാർ ഉദ്യോഗസ്ഥർ അല്ലെങ്കിൽ ആദായ നികുതി അടയ്ക്കുന്നവർ, മറ്റേതെങ്കിലും സർക്കാർ പദ്ധതി പ്രകാരം പ്രതിമാസം 1,500 രൂപയോ അതിൽ കൂടുതലോ സഹായം ലഭിക്കുന്ന സ്ത്രീകൾ എന്നിവര്‍ ഈ പദ്ധതിക്ക് അര്‍ഹരല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സാമ്പത്തിക കൈമാറ്റത്തിലെ സുതാര്യത ഉറപ്പാക്കുന്നതിന് ഗുണഭോക്താവിൻ്റെ ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും പണമടയ്‌ക്കുക. ഗുണഭോക്താക്കൾക്ക് സുഭദ്ര ഡെബിറ്റ് കാർഡും നൽകും. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അംഗൻവാടികൾ, ബ്ലോക്ക് ഓഫിസുകൾ, ജനസേവ കേന്ദ്രങ്ങൾ മുതലായവ വഴി സൗജന്യമായി ലഭിക്കുന്ന ഫോമുകൾ പൂരിപ്പിച്ച് അപേക്ഷ നല്‍കണം.
'സുഭദ്ര' പദ്ധതിക്കായി ഒരു കോൾ സെൻ്ററും സജീകരിക്കും. പരിപാടിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി വനിത ശിശുവികസന വകുപ്പ് ഒരു സുഭദ്ര സൊസൈറ്റി സ്ഥാപിക്കും. 'സുഭദ്ര' പദ്ധതി എത്രയും വേഗം ആരംഭിക്കാനുളള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഒഡിഷയിലെ ജനങ്ങൾക്ക് സംസ്ഥാന മന്ത്രിസഭ നൽകിയ ഉറപ്പ് ഇത്തവണ സര്‍ക്കാര്‍ നിറവേറ്റും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിലെയും നഗര, തദ്ദേശ സ്ഥാപനങ്ങളിലെയും ഏറ്റവും കൂടുതല്‍ ഡിജിറ്റൽ ഇടപാടുകള്‍ നടത്തിയ 100 ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് 500 രൂപ വീതം പ്രോത്സാഹന സമ്മാനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read:സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്ക് ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ്; 'പുദുമൈ പെണ്‍' പദ്ധതിക്ക് തുടക്കം കുറിച്ച് തമിഴ്‌നാട്, 'തമിഴ് പുദൽവൻ' ഉടനെന്നും പ്രഖ്യാപനം