ന്യൂഡല്‍ഹി : രാജ്യത്തെ മുഖ്യപരീക്ഷകളില്‍ ഒന്നായ നീറ്റില്‍ ഇക്കുറി ഉണ്ടായ പാകപ്പിഴകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ഇക്കുറിയുണ്ടായ വീഴ്‌ചകളെല്ലാം പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കേണ്ടതിനാല്‍ ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റി ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. ജെ ബി പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. പരീക്ഷയുടെ മൊത്തം സുരക്ഷ ഉറപ്പാക്കണമെന്നും എന്‍ടിഎയുടെ ഭരണ സംവിധാനങ്ങള്‍ പുനപ്പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കെ രാധാകൃഷ്‌ണന്‍ സമിതിയോട് പരീക്ഷ സുരക്ഷ ഉറപ്പാക്കാന്‍ എസ്‌ഒപി തയാറാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷയുടെ വിശുദ്ധി കാത്ത് സൂക്ഷിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കണമെന്നും കോടതി ഉത്തരവുണ്ട്. ആള്‍മാറാട്ടം അനുവദിക്കരുത്. പരീക്ഷ നടത്തിപ്പിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
ആദ്യം പരീക്ഷ കേന്ദ്രങ്ങളുടെ കാര്യത്തില്‍ വീഴ്‌ച സംഭവിച്ചു. രണ്ടാമതായി 1563 വിദ്യാര്‍ഥികള്‍ക്ക് തെറ്റായ ചോദ്യ പേപ്പറുകള്‍ നല്‍കി. അതിന് പകരമായി ഇവര്‍ക്ക് മാര്‍ക്ക് അനുവദിച്ചു. പിന്നീട് ഇത് റദ്ദാക്കി. പിന്നീട് സമിതികള്‍ രൂപീകരിച്ചു. തുടങ്ങി നിരവധി വിഷയങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി.
'ഇപ്പോള്‍ വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നു. ഒരു ചോദ്യത്തിന് ശരിയായ ഉത്തരം നാലാമത്തെ ഓപ്ഷനാണ്. രണ്ടാമത്തെ ഓപ്‌ഷനും മാര്‍ക്ക് നല്‍കാമെന്ന് എന്‍ടിഎ തീരുമാനിക്കുന്നു. ഇതിന്‍റെ ഫലമായി 44 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടുന്നു. ഇതെല്ലാം ഘടനാപരമായ പ്രശ്‌നങ്ങളാണ്. ഇതെല്ലാം പരിഹരിക്കേണ്ടതുണ്ട്. ഇതൊന്നും അനുവദിക്കാനാകില്ലെ'ന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
പരീക്ഷയില്‍ വ്യാപക ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും കോടതി ആവര്‍ത്തിച്ചു. കോടതിയുടെ നിര്‍ദേശങ്ങളെല്ലാം പാലിക്കാമെന്ന് കേന്ദ്രസര്‍ക്കാരിനും എന്‍ടിഎയ്ക്കും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പ് നല്‍കി. അതേസമയം നീറ്റ് പരീക്ഷയുടെ വിശുദ്ധിയില്‍ കരുതിക്കൂട്ടിയുള്ള വീഴ്‌ച ഉണ്ടായിട്ടില്ലെന്ന സുപ്രീം കോടതി നിരീക്ഷണം സര്‍ക്കാരിന്‍റെ നിലപാടാണ് കാട്ടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കം നിരവധി ക്രമക്കേടുകള്‍ പരീക്ഷയിലുണ്ടായെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
നുണകളുടെ മേഘം കൊണ്ട് സൂര്യനെ അല്‍പ്പനേരം നമുക്ക് മറയ്ക്കാനായേക്കും, എന്നാല്‍ സത്യം തന്നെ എല്ലായ്‌പ്പോഴും വിജയിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. വിവാദമായ 2024 നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി ഇന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ല. അത് കൊണ്ട് തന്നെ പരീക്ഷയുടെ പവിത്രതയേയും അത് ബാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പരീക്ഷയെ ചൊല്ലി നടക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കഴിഞ്ഞ മാസം 23ന് പ്രഖ്യാപിച്ച വിധിയുടെ വിശദാംശങ്ങള്‍ വിശദീകരിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയും ആവശ്യപ്പെട്ടു. ഇതൊന്നും കൂട്ടികളുടെ താത്പര്യങ്ങളെ സഹായിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read:നീറ്റ്-യുജി 2024 കൗൺസലിങ് ഓഗസ്‌റ്റ് 14 മുതൽ ആരംഭിക്കും; വിജ്ഞാപനം പുറപ്പെടുവിച്ചു