ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷന്‍ അബുബക്കറിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി സുപ്രീം കോടതി. ഈ ഘട്ടത്തില്‍ ജയില്‍മോചിതനാകേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. വൈദ്യപരിശോധന ഫലം പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി രണ്ടംഗ ബെഞ്ച് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബുബക്കറിന് ജാമ്യം നിഷേധിച്ചത്. ജസ്‌റ്റിസുമാരായ എം എം സുന്ദരേഷ്, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അബുബക്കറിന്‍റെ ജാമ്യഹര്‍ജി പരിഗണിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022 ലാണ് ദേശീയ അന്വേഷണ ഏജന്‍സി അബുബക്കറിനെ അറസ്‌റ്റ് ചെയ്‌തത്. ഭീകര വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമായിരുന്ന അറസ്‌റ്റ്. അറസ്‌റ്റിന് പിന്നാലെ അപൂര്‍വ അര്‍ബുദ രോഗമായ ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ ജംങ്ഷന്‍ അഡിനോകാര്‍സിനോമ ബാധിതനാണ് താനെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ അബുബക്കർ കോടതിയെ സമീപിച്ചിരുന്നു. സമാനമായ ചില ഭീകരവാദ കേസുകളില്‍ ആരോഗ്യ സ്ഥിതി പരിഗണിച്ച് ജാമ്യം നല്‍കിയിട്ടുള്ള സന്ദർഭങ്ങൾ അബുബക്കറിന്‍റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്നാൽ കോടതി ഇവ തള്ളുകയായിരുന്നു.
തന്‍റെ കക്ഷിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനുള്ള സാധ്യതകളും അഭിഭാഷകന്‍ കോടതിയോട് ആരാഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ഇതിനെയെല്ലാം ഖണ്ഡിച്ചു. എതിര്‍വാദങ്ങളും കേട്ടശേഷം കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഹര്‍ജിക്കാരന് വേണമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2024 മെയ് മാസം ഡല്‍ഹി ഹൈക്കോടതി അബുബക്കറിന് ജാമ്യം നിഷേധിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.