തിരുവനന്തപുരം:അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയെന്ന് ആരോപിച്ച് തിരികെ എത്തിക്കുന്ന ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ കൊണ്ടുവരുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി. അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനവും ഇന്ത്യയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം അവരെ വിലങ്ങണിയിച്ചെന്നും കാലില്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നെന്നുമുള്ള വാര്‍ത്ത താന്‍ എവിടെയും കണ്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനങ്ങളിലെത്തുന്നവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ വിമാനത്താവളങ്ങളാണ് അവര്‍ ഉപയോഗിക്കുന്നതെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. അമൃത്‌സര്‍ വിമാനത്താവളത്തില്‍ അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്നതില്‍ കടുത്ത എതിര്‍പ്പുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രംഗത്ത് എത്തിയിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ പഞ്ചാബിലും ഹരിയാനയിലും നിന്നുള്ളവരാണെന്നും അത് കൊണ്ടാണ് വിമാനങ്ങള്‍ അങ്ങോട്ടേക്ക് എത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനം അമൃത്സറില്‍ ഇറങ്ങിയത്.
ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ പ്രസ്‌താവനയ്ക്കെതിരെ കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടു രംഗത്ത് എത്തിയിരുന്നു. ഓരോ വിഷയത്തെയും ഇത്തരത്തില്‍ രാഷ്‌ട്രീയവത്ക്കരിക്കുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. കുടിയേറ്റക്കാര്‍ ഉത്തര്‍പ്രദേശിലോ ഗുജറാത്തിലോ നിന്നുള്ളവരായിരുന്നെങ്കില്‍ പഞ്ചാബില്‍ വിമാനം ഇറക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. പഞ്ചാബില്‍ അവരെ സ്വീകരിച്ച് അതാത് സംസ്ഥാനങ്ങളിലേക്ക് അയക്കണമെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. രാജ്യത്തെ ചെറുകക്ഷണങ്ങളാക്കി വിഭജിക്കണമെന്ന് ചിന്തിക്കുന്നവരുടെ ഭാഗമാണ് ഭഗവന്ത് മാനെപ്പോലുള്ളവരെന്നും ബിട്ടു പറഞ്ഞു. അനധികൃത കുടിയേറ്റത്തിന് ഏജന്‍റുമാര്‍ പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്നു. അനധികൃത കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതൊന്നും ഇവരെ ലജ്ജിപ്പിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.