ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള ടോൾ സംവിധാനങ്ങൾ നിർത്തലാക്കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. പകരം സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനങ്ങൾ അവതരിപ്പിക്കും. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) ഉപയോഗിച്ചുള്ള ടോൾ പിരിവായിരിക്കും നാഷണൽ ഹൈവേകളിൽ അടക്കം ഇനി ഉണ്ടാകുക. ടോൾ പിരിവിൻ്റെ കാര്യക്ഷമത വർധിപ്പിക്കാനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഫാസ്റ്റ് ടാഗ് സംവിധാനവും സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവും: റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ ടെക്‌നോളജിയിലാണ് ഫാസ്റ്റ് ടാഗ് സംവിധാനം പ്രവർത്തിക്കുന്നത്. ഇത് സാധാരണ ടോൾ പ്ലാസകളിലെ പണപ്പിരിവിനേക്കാൾ വേഗത്തിൽ പണം പിരിക്കാൻ സഹായിക്കുമെന്നാൽ പോലും ടോൾ ബൂത്തുകളിൽ വാഹനങ്ങൾക്ക് നിർത്തേണ്ടി വരുന്നു. ഇത് തിരക്കുള്ള സമയങ്ങളിൽ വലിയ ക്യൂ ഉണ്ടാക്കുന്നു. വേഗത്തിലുള്ള ടോൾ പേയ്‌മെൻ്റുകൾക്കായി ഉപയോക്താക്കൾക്ക് പ്രീ-പെയ്‌ഡ് ബാലൻസ് നിലനിർത്തേണ്ടതായും വരുന്നു.