ന്യൂഡൽഹി:ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ (മെയ് 27) നടത്തിയ റെയ്‌ഡുകളിൽ അന്താരാഷ്‌ട്ര മനുഷ്യക്കടത്ത്, സൈബർ തട്ടിപ്പ് എന്നീ സംഘത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ അറസ്‌റ്റ് ചെയ്‌തു. പ്രതികള്‍ തൊഴില്‍ നല്‍കാമെന്ന വ്യാജേനയാണ് യുവാക്കളെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. വിവിധ രാജ്യങ്ങളില്‍ കോള്‍ സെന്‍ററുകളിലെ ജോലിയ്ക്കായി പ്രതികള്‍ യുവാക്കളെ നിര്‍ബന്ധിക്കുകായിരുന്നുവെന്നും അന്വേഷണ ഏജൻസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു.
മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഡൽഹി, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ 15 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് വഡോദരയിലെ മനീഷ് ഹിംഗു, ഗോപാൽഗഞ്ചിലെ പഹ്‌ലാദ് സിങ്, തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നബിയാലം റേ, ഗുരുഗ്രാമിലെ ബൽവന്ത് കതാരിയ, ചണ്ഡീഗഡിലെ സർതാജ് സിങ് എന്നിവരെ അറസ്‌റ്റ് ചെയ്‌തതെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന പൊലീസ് സേനകളുമായും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുമായും ചേർന്നാണ് എൻഐഎ പരിശോധനകള്‍ നടത്തിയത്. വിവിധ രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, കൈയ്യെഴുത്ത് രജിസ്‌റ്ററുകൾ, ഒന്നിലധികം പാസ്‌പോർട്ടുകൾ, വ്യാജ വിദേശ തൊഴിൽ കത്തുകൾ എന്നിവയുൾപ്പെടെ നിരവധി സാമഗ്രികളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തു.
വിവിധ സംസ്ഥാന/യുടി പൊലീസ് സേനകൾ എട്ട് പുതിയ എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്യുകയും അഞ്ച് പ്രതികളെയും അറസ്‌റ്റ് ചെയ്‌തതായും എൻഐഎ അറിയിച്ചു. തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്ന് ലാവോസ് സെസിലേക്ക് ഇന്ത്യൻ യുവാക്കളെ അനധികൃതമായി അതിർത്തി കടക്കാൻ സഹായിക്കുന്നതിന് അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്ത് നിന്ന് പ്രവർത്തിക്കുന്ന കടത്തുകാരുമായി പിടിയിലായ പ്രതികൾ ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണത്തിൽ നിന്നും വ്യക്തമായെന്ന് അധികൃതർ അറിയിച്ചു. മഹാരാഷ്‌ട്ര, യുപി, ബിഹാർ, ഗുജറാത്ത്, ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ നിരവധി ജില്ലകളിൽ സജീവമായ സംഘടിത സിൻഡിക്കേറ്റുകളിൽ നിന്നുള്ള വിദേശ അധിഷ്‌ഠിത ഏജന്‍റുമാരുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് എൻഐഎ പറഞ്ഞു.
മെയ് 13 ന് മുംബൈ പൊലീസിൽ നിന്നും എൻഐഎ ഏറ്റെടുത്ത കേസിന്‍റെ അന്വേഷണത്തിൻ്റെ ഭാഗമാണ് തിരച്ചിലുകളും തുടർന്നുള്ള അറസ്‌റ്റും. മനുഷ്യക്കടത്ത് സംഘത്തിന് മുംബൈയിൽ മാത്രമല്ല, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും അതിർത്തിക്കപ്പുറത്തുള്ള മറ്റ് കടത്തുകാരുമായും ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. തൊഴിൽ വാഗ്‌ദാനം ചെയ്‌ത് ഇന്ത്യൻ യുവാക്കളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തുന്ന സംഘടിതമായ പെൺവാണിഭ സംഘത്തിലും പ്രതികൾക്ക് പങ്കുള്ളതായി എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ALSO READ :രാമേശ്വരം കഫേ സ്‌ഫോടനം; ഒരാളെക്കൂടി അറസ്‌റ്റ് ചെയ്‌ത് എൻഐഎ