ന്യൂഡൽഹി : മാർച്ച് 15-ന് മുമ്പ് മറ്റൊരു ബാങ്കിൽ നിന്ന് പുതിയ ഫാസ്‌ടാഗ് വാങ്ങാൻ പേടിഎം ഫാസ്‌റ്റാഗ് ഉപയോക്താക്കളോട് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)യുടെ നിർദേശം. ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോൾ പിഴയോ ഇരട്ടി ചാർജ്ജുകളോ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് എൻഎച്ച്എഐ ഇന്ന്(13-03-2024) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
പേടിഎം പേയ്‌മെന്‍റ് ബാങ്കില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന്, പേടിഎം ഫാസ്‌ടാഗ് ഉപയോക്താക്കൾക്ക് 2024 മാർച്ച് 15-ന് ശേഷം റീചാർജ് ചെയ്യാനോ ടോപ്പ്-അപ്പ് ചെയ്യാനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കില്ലെന്ന് പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.എങ്കിലും നിലവിലുള്ള ബാലൻസ് തീരുന്നത് വരെ ഉപയോഗിക്കാനാകും.
പേടിഎം ഫാസ്‌റ്റാഗ് ഉപയോക്താക്കള്‍ക്ക് അവരവരുടെ ബാങ്കുകളുമായി ബന്ധപ്പെടുകയോ ഇന്ത്യൻ ഹൈവേ മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്യാമെന്ന് എൻഎച്ച്എഐ നിർദ്ദേശിച്ചു. ഇന്ത്യയില്‍ ആകെ 8 കോടി ഫാസ്‌ടാഗ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.