ശ്രീനഗർ: ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്. ഉച്ചയ്ക്ക് 1 മണി വരെ ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലായി 41.17 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്‌തു.
കശ്‌മീർ താഴ്‌വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. സുരക്ഷിതവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ കർശനമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദോഡ, കിഷ്ത്വാർ, റംബാൻ എന്നീ ചെനാബ് താഴ്‌വര ജില്ലകളിലും ദക്ഷിണ കശ്‌മീരിലെ അനന്ത്നാഗ്, പുൽവാമ, കുൽഗാം, ഷോപിയാൻ ജില്ലകളിലുമാണ് ഇന്ന് (സെപ്‌റ്റംബർ 18) തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
23 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ആദ്യ ഘട്ട വോട്ടെടുപ്പില്‍ 5.66 ലക്ഷം യുവാക്കള്‍ക്കാണ് വോട്ടിങ് യോഗ്യതയുള്ളത്. 18നും 29നും ഇടയില്‍ പ്രായമുള്ളവരാണ് ഈ വോട്ടര്‍മാര്‍. അതില്‍ തന്നെ 18 വയസിനും 19നും ഇടയില്‍ പ്രായമുള്ള 1,23,960 വോട്ടര്‍മാരാണ് ഉള്ളത്. 19,590 കന്നി വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്‌മീരില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2014ലാണ് അവസാനമായി ജമ്മു കശ്‌മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്‌മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്‌റ്റംബര്‍ 25ന് രണ്ടാം ഘട്ടവും ഒക്‌ടോബര്‍ 1ന് മൂന്നാം ഘട്ട വോട്ടെടുപ്പും നടക്കും. 2024 ഒക്‌ടോബർ 8നാണ് ഫലപ്രഖ്യാപനം.