ന്യൂഡല്‍ഹി:ദേശിയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യവും കമ്മീഷൻ അംഗമായി ഡോ വിദ്യുത് രഞ്‌ജൻ സാരംഗിയും ചുമതലയേറ്റു. ഡിസംബര്‍ 21നാണ് ഇരുവരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പുറപ്പെടുവിച്ചത്.
ആക്‌ടിങ് ചെയര്‍ പേഴ്‌സണ്‍ വിജയ ഭാരതി സായാനി, സെക്രട്ടറി ജെനറല്‍ ഭരത് ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തമിഴ് കവി തിരുവള്ളുവരെ എടുത്തുപറഞ്ഞാണ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചടങ്ങില്‍ സംസാരിച്ചത്. മനുഷ്യാവകാശത്തെപ്പറ്റി പ്രതിപാദിച്ച എഴുത്തുകളാണ് തിരുവള്ളുവരുടേതെന്നും ഇന്ത്യൻ സംസ്‌കാരവുമായി ആഴത്തില്‍ ബന്ധമുള്ളവയാണ് അവയെന്നും അദ്ദേഹം പറഞ്ഞു.
1958 ജൂണ്‍ 30ന് തമിഴ്‌നാട്ടിലെ മണ്ണാര്‍കുടിയിലാണ് വി രാമസുബ്രഹ്മണ്യം ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളജിലെ രാമകൃഷ്ണ മിഷനിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി, തുടർന്ന് മദ്രാസ് ലോ കോളജിൽ നിന്ന് നിയമം പഠിച്ചു. 23ആം വയസില്‍ തമിഴ്‌നാട് മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് 23 വർഷത്തോളം ഹൈക്കോടതിയില്‍ പ്രാക്‌ടീസ് ചെയ്‌തു.