ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും കേസുകള്‍ക്കും ഒടുവില്‍ നീറ്റ് യുജി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളി അടക്കം 17 പേര്‍ക്കാണ് പുതുക്കിയ പട്ടികയില്‍ ഒന്നാം റാങ്കുള്ളത്. കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി.
നേരത്തെ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. പിന്നീട് സമയനഷ്‌ടം ചൂണ്ടിക്കാട്ടി ആറ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ചതോടെ ഒന്നാം റാങ്കുകാരുടെ എണ്ണം 61 ആയി. ഫിസിക്‌സ് പരീക്ഷയിലെ ചോദ്യത്തിന് നല്‍കിയ മാര്‍ക്ക് കുറച്ചതോടെയാണ് റാങ്ക് പട്ടിക മാറി മറിഞ്ഞിരിക്കുന്നത്.
പുതുക്കിയ പട്ടിക എന്‍ടിഎ വെബ്സൈറ്റില്‍ ലഭ്യമാണ്. 24 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ക്രമക്കേടുകള്‍ നടന്ന സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് നല്‍കിയിരുന്ന ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വ്യാപക ക്രമക്കേടുകള്‍ കണ്ടെത്താനായിട്ടില്ലെന്നും പരീക്ഷ വീണ്ടും നടത്തുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കൗണ്‍സിലിങ് നടപടികളും ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
Also Read:ഇന്ത്യയില്‍ നീറിപ്പുകഞ്ഞ് നീറ്റ്; ആശങ്കയില്‍ വിദ്യാര്‍ഥികള്‍, പരീക്ഷ വിവാദത്തിന്‍റെ നാള്‍വഴികള്‍