മുംബൈ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ നിന്ന് അറസ്റ്റിലായ ജലീല്‍ പത്താന് കൂറ്റന്‍ ബംഗ്ലാവ് വാങ്ങിയത് മാസങ്ങള്‍ക്ക് മുമ്പെന്ന് റിപ്പോര്‍ട്ട്. ഇതിന്‍റെ സാമ്പത്തിക സ്രോതസ് അടക്കം ഇപ്പോള്‍ സംശയത്തിന്‍റെ നിഴലില്‍ ആയിരിക്കുകയാണ്. കേസില്‍ ഭീകര വിരുദ്ധ സംഘമാണ് ഇയാളെ പിടികൂടിയത്.
മൂന്ന് നിലകളിലായാണ് ഇയാള്‍ വീട് പണിതിരിക്കുന്നത്. ഇതിന്‍റെ രണ്ടാം നില ഒഴിഞ്ഞ് കിടക്കുകയാണ്. മൂന്നാം നില വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണ്. ലത്തൂരിലെ ഉദഗിര്‍ പട്ടണത്തിലുള്ള ജാല്‍കോട്ട് റോഡില്‍ 6 മാസം മുമ്പാണ് ഒരു കോടി രൂപ വിലമതിക്കുന്ന കൂറ്റന്‍ ബംഗ്ലാവ് ഇയാള്‍ നിര്‍മിച്ചത്.
വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്രോതസ് അടക്കം ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിയിലെ പ്രമോഷന് വേണ്ടി ഇയാള്‍ ഹാജരാക്കിയ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും സംശയ നിഴലില്‍ ആയിരിക്കുകയാണ്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ജലില്‍ പത്താന്‍ ലത്തൂരിലെ കാത്‌പൂര്‍ ജില്ല പരിഷത് സ്‌കൂളില്‍ പ്രഥമാധ്യാപകനാണ്. 2009ലാണ് ഇയാള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാള്‍ക്ക് ലത്തൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ആദ്യം അഹമ്മദ് പൂരിലും പിന്നീട് കാത്‌പൂരിലും ഇയാള്‍ പ്രഥമാധ്യാപകനായി സേവനമനുഷ്‌ഠിച്ചു. അറസ്റ്റിലായ ഉടന്‍ തന്നെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.