ന്യൂഡല്‍ഹി: വെറുപ്പിന്‍റെയും ഭിന്നിപ്പിന്‍റെയും രാഷ്‌ട്രീയം പൂര്‍ണമായും തള്ളുന്നതാണ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്‍റിന് അകത്തും പുറത്തും ഇന്ത്യ സഖ്യം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ തിരിച്ച് വരവ് ആഘോഷിക്കുമ്പോഴും ചില സംസ്ഥാനങ്ങളില്‍ നമ്മുടെ പൂര്‍ണ കരുത്തിനും പ്രതീക്ഷകള്‍ക്കും ഒപ്പം ഉയരാനായില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
നേരത്തെ വിധാന്‍ സഭ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച് സര്‍ക്കാര്‍ രൂപീകരിച്ച ചില സംസ്ഥാനങ്ങളില്‍ അത് ആവര്‍ത്തിക്കാനായില്ല. അത്തരം സംസ്ഥാനങ്ങളുടെ കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പരിഹാര മാര്‍ഗങ്ങളും കൈക്കൊള്ളണം. നേരത്തെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങളില്‍ നമുക്ക് തിരിച്ച് വരാന്‍ അവസരമുണ്ട്. നമുക്ക് വേണ്ടി മാത്രമല്ല നമ്മുടെ ജനങ്ങള്‍ക്ക് വേണ്ടിക്കൂടി അത് സാധ്യമാകണം. ഇതിനുള്ള നടപടികളും അടിയന്തരമായി കൈക്കൊള്ളണം.
പാര്‍ട്ടി അധികാരത്തില്‍ ഉള്ളയിടത്തും ഇല്ലാത്തിടത്തുമെല്ലാം പൂര്‍ണസമയ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടണം. ഭരണകക്ഷിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കും ഏകാധിപത്യ പ്രവണതകള്‍ക്കുമെതിരെ ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ രാഷ്‌ട്രീയത്തെ നിരാകരിക്കലാണിത്. ഭിന്നിപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ധ്രുവീകരണത്തിന്‍റെയും രാഷ്‌ട്രീയത്തെ നിരാകരിക്കലാണിതെന്നും ഖാര്‍ഗെ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര കടന്ന് പോയ ഇടങ്ങളിലെല്ലാം വോട്ട് വര്‍ദ്ധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകളും നേടാനായി. മണിപ്പൂരിലെ രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് വിജയിക്കാനായി എന്നതും എടുത്ത് പറയേണ്ടതാണ്. നാഗാലാന്‍ഡ്, അസം, മേഘാലയ തുടങ്ങിയ ഇടങ്ങളിലും കോണ്‍ഗ്രസിന് സീറ്റ് നേടാനായി.
മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും അങ്ങനെ രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുകയും ചെയ്‌തു.
പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സീറ്റുകളിലും ന്യൂനപക്ഷ വോട്ടര്‍മാരുടെ ഇടയിലും കോണ്‍ഗ്രസിന് ആധിപത്യമുണ്ടായി. ഗ്രാമീണ മേഖലകളിലും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനായി. നഗരമേഖലകളിലും മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യ സഖ്യ കക്ഷികളും അവരവരുടെ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് മുന്നണിയെ പിന്തുണച്ചു. ഇന്ത്യ സഖ്യം ഇതുപോലെ മുന്നോട്ട് പോകും. പാര്‍ലമെന്‍റിനകത്തും പുറത്തും ഇതേ ഒത്തൊരുമയോടെ തങ്ങള്‍ പ്രവര്‍ത്തിക്കുമന്നും ഖാര്‍ഗെ വ്യക്തമാക്കി.
ജനങ്ങള്‍ വീണ്ടും തങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. അത് നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മള്‍ നമ്മുടെ ജോലി തുടരണം.
കര്‍ഷകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. പിന്നാക്കക്കാര്‍ക്കായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. പൊതുസമൂഹത്തിലെ സംഘടനകള്‍ക്കും എന്‍ജിഒകള്‍ക്കും ചെറുകിട വ്യവസായ സംഘങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ബുദ്ധിജീവികള്‍ക്കും സ്വതന്ത്ര മാധ്യമങ്ങള്‍ക്കും മറ്റും വേണ്ടി തങ്ങള്‍ നില കൊള്ളും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്‌ത കാര്യങ്ങളെക്കുറിച്ച് പൊതു ചര്‍ച്ച വേണ്ടെന്നും ഖാര്‍ഗെ നിര്‍ദേശിച്ചു. ഡല്‍ഹിയിലെ അശോക ഹോട്ടലിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാക്കള്‍, സംസ്ഥാന അധ്യക്ഷന്മാര്‍, എന്നിവരടങ്ങിയ സംഘം കോണ്‍ഗ്രസിന്‍റെ പരാജയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഘടനയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും നിര്‍ദേശിക്കും.
പാര്‍ട്ടി അധ്യക്ഷന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയറാം രമേഷ്, മറ്റ് നേതാക്കള്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുക്കും. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും പുതിയ എംപിമാര്‍ക്കും അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ യോഗം വൈകിട്ട് അഞ്ചരയ്ക്ക് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേരും.
Also Read:വയനാടോ റായ്ബറേലിയോ ? ; തീരുമാനമെടുക്കാന്‍ രാഹുലിന് മുന്നില്‍ വെറും പത്തുദിവസം