വയനാട്: അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠയോടനുബന്ധിച്ച് രാഹുൽ ഗാന്ധി എംപിയായ വയനാട് മണ്ഡലത്തിൽ വൻ ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി എൻഡിഎ(NDA Plans Grand Celebration in Rahul Gandhis Wayanad Constituency). മുൻ കേന്ദ്രമന്ത്രിയും കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറിന്‍റെ നേതൃത്വത്തിലാകും ആഘോഷങ്ങൾ നടക്കുക. രാഹുലിന്‍റെ മണ്ഡലമായതിനാൽ തന്നെ പരിപാടിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു.
സുൽത്താൻ ബത്തേരി- മൈസൂരു റോഡിനു സമീപത്തെ പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിലാകും ആഘോഷങ്ങൾ നടക്കുക. ക്ഷേത്രത്തിന് രാമായണവുമായി ബന്ധമുണ്ടെന്നാണ് ഐതിഹ്യം. ഇവിടെ നടക്കുന്ന ആഘോഷ പരിപാടിയിൽ പ്രകാശ് ജാവദേക്കറും കേരളത്തിലെ എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിയും എത്തിച്ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന പ്രതിഷ്‌ഠ ചടങ്ങ് പൊൻകുഴി ക്ഷേത്രത്തിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.