ഛത്തീസ്‌ഗഡ് : ബീജാപൂരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്ക്. ബസ്‌തര്‍ ഫൈറ്റേഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് (മാര്‍ച്ച് 23) രാവിലെ ബിജാപൂര്‍-ദന്തേവാഡ അതിര്‍ത്തിയിലാണ് ഇരുസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
സുരക്ഷാസേനയുടെ നക്‌സല്‍ വിരുദ്ധ ഓപ്പറേഷനിടെയാണ് സംഭവം. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഉദ്യോഗസ്ഥരെ ദന്തേവാഡയില്‍ നിന്നും എയര്‍ലിഫ്‌റ്റ് ചെയ്‌ത് റായ്‌പൂരിലെ ആശുപത്രിയിലെത്തിച്ചുവെന്ന് ദന്തേവാഡ എസ്‌പി ഗൗരവ് റായ് പറഞ്ഞു.
3 സേനകളുടെ സംയുക്ത ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), ബസ്‌തർ ഫൈറ്റേഴ്‌സ്, കമാൻഡോ ബറ്റാലിയൻ ഓഫ് റെസല്യൂട്ട് ആക്ഷൻ (കോബ്ര) എന്നീ സംഘങ്ങളാണ് ഓപ്പറേഷന്‍ നടത്തിയത്. ബിജാപൂർ, സുക്‌മ, ദന്തേവാഡ എന്നിവിടങ്ങളിലാണ് ഓപ്പറേഷന്‍ നടത്തിയത്. നക്‌സലൈറ്റുകളുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘം മേഖലയിലെത്തി തെരച്ചില്‍ നടത്തിയത്.
ഏറ്റുമുട്ടലിന് ശേഷം രണ്ട് നക്‌സലൈറ്റുകളുടെ മൃതദേഹം സ്ഥലത്തുനിന്നും കണ്ടെത്തി. സംഭവത്തിന് പിന്നാലെ മേഖലയില്‍ സേന സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് ദന്തേവാഡയിലെ കിരണ്ടുല്‍ മേഖലയില്‍ ഐഇഡി സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് ദന്തേവാഡ എസ്‌പി പറഞ്ഞു. സംഭവത്തിന് പിന്നാലെ മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഏപ്രില്‍ 19ന് ബസ്‌തറിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജില്ലയിലെ വിവിധയിടങ്ങളില്‍ കനത്ത സുരക്ഷയാണ് സേന ഒരുക്കിയിട്ടുള്ളത്. അതേസമയം ഇന്നലെ (മാര്‍ച്ച് 23) ദന്തേവാഡയില്‍ നടന്ന തീവയ്‌പ്പിന് പിന്നാലെ രണ്ട് നക്‌സലൈറ്റുകള്‍ പിടിയിലായിരുന്നു.